പാചകവാതക ഉപഭോക്താക്കളുടെ സബ്‌സിഡി ഡയറക്‌ട് ബെനിഫിറ്റ് ട്രാന്സ്ഫര് വഴി നടപ്പാക്കുന്ന പദ്ധതി 2014 ജനുവരി ഒന്ന്‍ മുതല്‍ ഇന്ത്യയില്‍ 289 ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഇതോടെ രാജ്യത്തെ പകുതി ജില്ലകളില്‍ പദ്ധതി നിലവില്‍ വരും. പദ്ധതിക്കായി 480 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്ന് ഡി.ബി.ടി പദ്ധതി ഡയറക്ടര്‍ എസ്. സുന്ദരേശന്‍ പറഞ്ഞു.
28 സംസ്ഥാനങ്ങളിലെ 121 ജില്ലകളിലായി ഇതുവരെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പാചകവാതക ഉപഭോക്താക്കളുടെ സബ്‌സിഡി ഡയറക്‌ട് ബെനിഫിറ്റ് ട്രാന്സ്ഫര് വഴി നടപ്പാക്കുന്ന പദ്ധതി സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ 20 ജില്ലകളിലായി പരീക്ഷണാര്‍ത്ഥം വന്നിരുന്നു. പദ്ധതിയനുസരിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ 46 ജില്ലകളെയും നവംബര്‍-ഡിസംബര്‍ മാസങ്ങളായി 40 ജില്ലകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ബാക്കിയുള്ള 105 ജില്ലകളെ ജനുവരിയോട് കൂടി പദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കും.
മറ്റു സംസ്ഥാനളെ അപേക്ഷിച്ച് കേരളം ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന് സുന്ദരേശന്‍ പറഞ്ഞു. കേരളത്തില്‍ എല്ലാ ജില്ലകളിലും പദ്ധതി നിലവിലുണ്ട്. ഓരോ ഉപഭോക്താവിനും ഒരു സിലിണ്ടറിന് 435 രൂപ നിരക്കില്‍ സബ്‌സിഡി ആയി അക്കൗണ്ടില്‍ മുന്‍കൂട്ടി ലഭിക്കും. സബ്‌സിഡി ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. ആധാര്‍ ലിങ്ക് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കുകയില്ല. ഓരോ സിലിണ്ടറിനും സബ്‌സിഡിയില്ലാതെ ഏകദേശം 950 മുതല്‍ 1000 രൂപ നല്കേണ്ടിവരും. ഈ പദ്ധതിയനുസരിച്ച് ഓരോ വര്‍ഷവും ഒമ്പത് പാചക വാതക സിലിണ്ടറുകള്‍ ലഭിക്കുന്നതാണ്.