അയോദ്ധ്യയില്‍ വിശ്വഹിന്ദുപരിഷത്തിന്‍റെ പരിക്രമ യാത്ര തടഞ്ഞതിനെചൊല്ലി പാര്‍ലമെന്റില്‍ ബഹളം. സന്യാസിമാരെ അപമാനിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി ആവശ്യപ്പെട്ടു. ബഹളത്തെത്തുടര്‍ന്ന് ലോക്സഭ രണ്ടു മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭയും 12 മണി വരെ നിര്‍ത്തിവെച്ചിരുന്നു.
ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ഇരുസഭകളിലും ചര്‍ച്ച ചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. യോഗി ആദിത്യനാഥ് ആണ് നോട്ടീസ് നല്‍കിയത്. മത ആചാര്യന്‍മാരെ അടക്കം അറസ്റ്റു ചെയ്ത നടപടി നാണക്കേടുണ്ടാക്കുന്നതാണെന്നും ഇതിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം പറഞ്ഞു.. തുടര്‍ന്ന് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് സഭ തുടരാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിനോട് അഭ്യര്‍ഥിച്ചെങ്കിലും പ്രതിപക്ഷം കൂട്ടാക്കിയില്ല.
ഇതിനിടെ ബി.ജെ.പിക്കെതിരെ സമാജ്‌വാദി പാർട്ടി അംഗങ്ങളും സഭയില്‍ ബഹളം വച്ചു. തുടര്‍ന്ന് ശൂന്യ വേളയില്‍ പ്രശ്നം ഉന്നയിക്കാന്‍ അനുവദിച്ചു. കോടതി ഉത്തരവ് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇതിലൂടെ ആരെയും ബുദ്ധിമുട്ടിക്കുന്നതിനു സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിങ് യാദവ് പ്രസ്താവന നടത്തി. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.