Skip to main content
ന്യൂഡല്‍ഹി

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി.ജെ.പിക്ക് ദേശീയ തിരഞ്ഞെടുപ്പ് പ്രചരണ സമിതിയുണ്ടാവില്ല. തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ഒരു പ്രചരണ  സമിതി എന്നായിരുന്നു നേരത്തേയുള്ള തീരുമാനം.

 

സമഗ്ര സമിതിക്ക് പകരം ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക സമിതികള്‍ രൂപീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിന്റെ ചുമതല പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിങ്ങിനും പ്രചരണ ചുമതല മോഡിക്കും കൈമാറും. ഇരു സമിതികളിലെയും അംഗങ്ങളെ പത്ത് ദിവസത്തിനകം തീരുമാനിക്കും.

 

യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന സമ്പൂര്‍ണ ഭരണ പരാജയവും വിലക്കയറ്റ പ്രതിസന്ധിയുമാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെന്നു ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ആനന്ദ് കുമാര്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം പറഞ്ഞു.  

 

തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി രാജ്യവ്യാപകമായി പ്രചരണ പരിപാടി സംഘടിപ്പിക്കും. നൂറിലേറെ കേന്ദ്രങ്ങളില്‍ റാലികളും യോഗങ്ങളും ചേരാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒറീസ്സയിലും ആന്ധ്രപ്രദേശിലും  മോഡി സന്ദര്‍ശനം നടത്തും.