Skip to main content

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ലഡാക്കില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ചതായ വിഷയത്തില്‍ ഇരു സൈന്യങ്ങളും ഇന്ന്‍ (തിങ്കളാഴ്ച) ഫ്ലാഗ് മീറ്റിംഗ് നടത്തിയെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു.

 

കിഴക്കന്‍ ലഡാക്കില്‍ ദൌലത് ബേഗ് ഓള്‍ഡി (ഡി.ബി.ഒ.) സെക്ടറില്‍ ചൈനീസ് പട്ടാളം ടെന്റ് നിര്‍മ്മിച്ചതായ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പാര്‍ലിമെന്റ് മന്ദിരത്തിനു പുറത്ത് പ്രതികരിക്കുകയായിരുന്നു ഇരുവരും.

 

ഏപ്രില്‍ 15ന് രാത്രിയില്‍ ചൈനീസ് സൈന്യത്തിന്റെ ഒരു പ്ലറ്റൂണ്‍ ഡി.ബി.ഒ. സെക്ടറിലെ ബുര്‍ത്തിലാണ് ടെന്റടിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 10-12 കിലോമീറ്റര്‍ ഉള്ളില്‍ നടന്ന സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ വിഷയം ചൈനീസ് അധികൃതരോട് ഉന്നയിച്ചു.

 

എന്നാല്‍ തങ്ങളുടെ സൈന്യം നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ബീജിങ്ങില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.