Skip to main content

ന്യൂഡല്‍ഹി: വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ സബ്സിഡി ഉപയോക്താക്കള്‍ക്ക് നേരിട്ട് പണമായി നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ജൂലൈ ഒന്നിന് തുടങ്ങും. കേരളത്തിലെ ഒന്‍പത് ജില്ലകളടക്കം രാജ്യത്തെ 78 ജില്ലകളിലേക്കാണ് പദ്ധതി വ്യാപിക്കുന്നത്. പാചകവാതക സിലിണ്ടറുകളുടെ സബ്സിഡി അടുത്ത മാസം മുതല്‍ തന്നെ ഈ രീതിയിലേക്ക് മാറ്റും.

 

ജനുവരി ഒന്നിന് ആരംഭിച്ച പദ്ധതിയില്‍ നിലവില്‍ 26 ആനുകൂല്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ വാര്‍ധക്യ, വികലാംഗ, വിധവാ പെന്‍ഷനുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

 

കേരളത്തില്‍ പാലക്കാട്, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. നിലവില്‍  വയനാട്, പത്തനംതിട്ട ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്.