Skip to main content

 

 

തൊണ്ണൂറ്റി രണ്ട് വയസ്സ് കഴിഞ്ഞ് 93-ലേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. അദ്ദേഹം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ തയ്യാറെടുക്കുന്നു. അപ്പോഴാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പ്രായം പ്രമേയമാക്കി പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. പ്രായമായവർ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറിനിൽക്കണമെന്ന്. സുധീരനും എ.കെ ആന്റണിയും എന്ത് പറയുമ്പോഴും അതിന് ആദർശത്തിന്റെ പരിവേഷം ഉണ്ടാകുമെന്നാണ് തിയറി. കേരളത്തിലെ പൈങ്കിളിവത്കരിക്കപ്പെട്ട മാദ്ധ്യമ സംസ്കാരത്തിന്റെ പ്രത്യക്ഷ ഫലം.

 

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രായം മാനദണ്ഡമാകുമായിരുന്നെങ്കിൽ വമ്പൻ ഭൂരിപക്ഷം നേടി കേന്ദ്രത്തിൽ അധികാരത്തിൽ എത്തേണ്ടിയിരുന്നത് കോൺഗ്രസ്സായിരുന്നു. കാരണം നരേന്ദ്ര മോദിയേക്കാൾ ഇരുപതു വയസ്സു താഴെയാണ് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ആ തെരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയിലെ കോൺഗ്രസ്സിന്റെ പാർലമെന്ററി ചരിത്രത്തിൽ സ്ഥാനം നേടി, കേവലം 44 സീറ്റുമായി. ബി.ജെ.പിയുടെ പോലും പ്രതീക്ഷ മറികടന്ന് ഒറ്റയ്ക്ക് തന്നെ ഭൂരിപക്ഷം നേടിക്കൊണ്ട് മോദി ബി.ജെ.പി മുന്നണിയെ അധികാരത്തിലേറ്റി. രാജ്യം കാണാതെ കിടന്ന നേതൃപാടവമാണ് നരേന്ദ്ര മോദിയെ ആ ചരിത്രരചനയ്ക്ക് പ്രാപ്തനാക്കിയത്. മോദിയുടെ നേതൃത്വം മാതൃകാപരമോ അല്ലയോ എന്നുള്ളതല്ല ഇവിടുത്തെ വിഷയം. വിഷയം പ്രായമാണ്.

vs achuthanandan  and vm sudheeran

 

സുധീരൻ തെരഞ്ഞെടുപ്പ് മത്സരത്തേയും പാർലമെന്ററി അവസരത്തേയും നഗ്നമായി വ്യക്തിപരമായ നേട്ടമായി കാണുന്നതുകൊണ്ടാണ് യുവാക്കൾക്കു വേണ്ടി വയസ്സുചെന്നവർ മാറിക്കൊടുക്കണമെന്നു പറയുന്നത്. ഇത് യഥാർഥത്തിൽ കേരളത്തിലെ മൊത്തം യുവത്വത്തേയും അവഹേളിക്കുന്നതായിപ്പോയി. അതല്ല, ഇവിടെ ഇപ്പോഴുള്ളത് വാർധക്യം ബാധിച്ച യൗവ്വനമാണെങ്കില്‍ അദ്ദേഹം പറഞ്ഞത് യാഥാർഥ്യമായിരിക്കും. വാർധക്യം എന്നത് പ്രായമല്ല നിശ്ചയിക്കുന്നത്. കാരണം മനുഷ്യൻ എന്നത് പ്രായവും തണ്ടും തടിയുമല്ല. അതിനകത്ത് മനുഷ്യനെ മനുഷ്യനാക്കുന്ന ചില സംഗതികളുണ്ട്. ആ ഘടകങ്ങളാണ് ഒരു വ്യക്തിയുടെ യൗവ്വനത്തേയും നേതൃപാടവത്തേയും നിശ്ചയിക്കുന്നത്.

 

ധൈര്യത്തിൽ നിന്നാണ് നേതൃപാടവം ഉയർന്നു വരുന്നത്. വ്യക്തിപരമായ ദൗർബല്യമാണ് പേടിക്കു കാരണം. സ്വന്തമായി എന്തെങ്കിലും നഷ്ടം സംഭവിക്കുമോ, അപകടം സംഭവിക്കുമൊ എന്നൊക്കെയുള്ള കണക്കുകൂട്ടലുകളാണ് ഭീതിയെ സൃഷ്ടിക്കുന്നത്. ഒപ്പം ചില തെളിച്ചങ്ങളും ഉള്ളിൽ സംഭവിക്കണം. കേരളത്തിൽ ആരും ആരുടെയും വഴി തടയുന്നില്ല. അച്യുതാനന്ദനേക്കാൾ വിദ്യാഭ്യാസവും ഭാഷകളും ഒക്കെ കൈവശമുള്ള മുട്ടൻ ബുദ്ധിജീവികൾ ധാരാളമുള്ള പാർട്ടിയാണ് സി.പി.ഐ.എം. എന്നിട്ടും ആ പാർട്ടിയിലെ താരം വി.എസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ പ്രായത്തോടുള്ള ആരാധന കൊണ്ടല്ല അദ്ദേഹത്തെ ജനം സ്വീകരിക്കുന്നത്. എന്തു തന്നെയായാലും അദ്ദേഹം കേരളജനതയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ മുൻപിൻ നോക്കാതെ ചില നിലപാടുകൾ എടുത്തു എന്ന തോന്നൽ ഉളവാക്കാൻ കഴിഞ്ഞതുകൊണ്ടാണ്. ഒരു പ്രതിരോധ ശക്തിയായി അച്യുതാനന്ദൻ മാറി.

 

രാഷ്ട്രീയം സ്ഥാനമാനങ്ങൾ നേടാനുള്ള ഉപാധിയാണെന്ന അടിസ്ഥാന ചിന്ത പ്രബലമായതിനാലാണ് പ്രായമായവർ മാറിനിൽക്കണമെന്ന് സുധീരൻ പറഞ്ഞത്.

 

വനിതാ കോളേജിൽ പോലും അദ്ദേഹം ചെല്ലുമ്പോൾ പൃഥ്വിരാജും ദുല്‍ഖര്‍ സൽമാനുമൊക്കെ ചെല്ലുമ്പോഴുള്ളതിനേക്കാൾ ആവേശത്തോടെ പെൺകുട്ടികൾ വരവേൽക്കുന്നു. വി.എസ്സിന്റെ പ്രസംഗമുണ്ടെന്നു കേൾക്കുമ്പോൾ അതു നടക്കന്ന മൂലകൾ കാലേക്കൂട്ടി ആളുകളാൽ നിറയുന്നു. ഇതൊക്കെ കാണിക്കുന്നത് ശാരീരിക ശേഷിയല്ല മനുഷ്യനെ ശക്തനാക്കുന്നത്, മറിച്ച് ആന്തരിക ശേഷിയാണ് എന്നുള്ളതാണ്. മൊട്ടോർ ന്യുറോൺ രോഗം ബാധിച്ച ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹാക്കിംഗിന്റെ ചൂണ്ടുവിരലും നടുവിരലും ചെറുതായി ഒന്നനങ്ങുക മാത്രമേ ഉള്ളു. ആ അനക്കം വച്ചിട്ടാണ് ആ ശാസ്ത്രജ്ഞൻ പ്രപഞ്ച രഹസ്യങ്ങളെ കുറിച്ച്  മനസ്സിലാക്കുന്ന കാര്യങ്ങൾ കംപ്യൂട്ടർ സിന്തസൈസറിലൂടെ ലോകത്തിന് പകർന്നു നൽകുന്നത്. വയസ്സ് എഴുപത്തിനാല്.

 

 

കേരളത്തിലെ യുവത്വത്തിന് അത് ഏത് പാർട്ടിയിലായാലും ഊർജ്ജമുണ്ടെങ്കിൽ പൊന്തി മുകളിലെത്തും.ആർക്കും തടയാൻ പറ്റില്ല. ജെ.എൻ.യു താരം കനയ്യ കുമാർ ഒടുവിലത്തെ ഉദാഹരണം. ജയിൽ മോചിതനായ കനയ്യ കുമാർ നടത്തിയ പ്രസംഗം കണ്ടു നോക്കൂ. കേരളത്തിൽ എത്ര യുവ നേതാക്കൾക്ക് അഞ്ചു മിനിട്ടു നേരം ജനങ്ങളെ പിടിച്ചിരുത്താൻ കഴിയുന്ന വിധം സംസാരിക്കാൻ കഴിയും. രണ്ടു പാർട്ടികളിലെയും സ്ഥിതി അതാണ്. സി.പി.ഐ.എമ്മിലെ ചില യുവ നേതാക്കൾ വായ തുറന്നാൽ വരുന്ന വാക്കുകളും വൈകാരിക ഭാവവും സ്വരവുമൊക്കെ ഹിംസാത്മകമാണ്. ഇവർ ഇങ്ങനെയായതിനു കാരണം വേണമെങ്കിൽ മുതിർന്നവരെ കണ്ടു പഠിച്ചതിന്റെ ഫലമാണെന്നു പറയാം. എങ്കിലും എല്ലാ ജീർണ്ണതകളെയും തൂത്തുമാറ്റാനുള്ള ചൂടും ചൂരും പ്രകൃതി യുവത്വത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിൽ അച്യുതാനന്ദൻ വലിയ വിപ്ലവകരമായ കാര്യമൊന്നുമല്ല ചെയ്തതും ചെയ്യുന്നതും. മറ്റൊരർഥത്തിൽ അതിലെ യുവത്വം കൈക്കൊണ്ട നിലപാടുകൾക്കെതിരെ പോരാടിയാണ് അദ്ദേഹം ജനങ്ങളുടെ കൈയ്യടി നേടിയത്.

 

രാഷ്ട്രീയം സ്ഥാനമാനങ്ങൾ നേടാനുള്ള ഉപാധിയാണെന്ന അടിസ്ഥാന ചിന്ത പ്രബലമായതിനാലാണ് പ്രായമായവർ മാറിനിൽക്കണമെന്ന് സുധീരൻ പറഞ്ഞത്. അതും സ്വന്തം പാർട്ടിയിലെ ചിലരോട് കാര്യങ്ങൾ നേരിട്ടു പറയാനുള്ള ധൈര്യം ഇല്ലാത്തതിനാൽ അതിൽ അച്യുതനാന്ദനേയും അദ്ദേഹം ഉൾപ്പെടുത്തി. നോക്കു, എന്തൊരു ഭീരുത്വമാണത്. പാർട്ടി അധ്യക്ഷനായ അദ്ദേഹമാണ് തന്റെ പാർട്ടിയിൽ നടപ്പാക്കേണ്ട സംസ്കാരത്തിനു ചുക്കാൻ പിടിക്കേണ്ടത്. ഇതാണ് നേതൃത്വരാഹിത്യം. ഭീരുത്വം പ്രകടമാക്കി അതിനെ പൈങ്കിളിവത്കരിക്കപ്പെട്ട കേരളമാദ്ധ്യമങ്ങളെക്കൊണ്ട് ശക്തിയാണെന്ന് പറയിപ്പിക്കാനുള്ള നടപടി. ടി.എൻ പ്രതാപൻ താൻ ഇനി മത്സരിക്കുന്നില്ലെന്ന് കത്തു കൊടുത്തതിന്റെ പിന്നിലും സുധീരനാണ് എന്നുള്ളതും ഏവർക്കും അറിയാവുന്നതാണ്. അതും ആദർശത്തിന്റെ പേരിലോ ചെറുപ്പക്കാർക്ക് അവസരം കൊടുക്കാനോ അല്ല. മറിച്ച് തന്റെ മണ്ഡലമായ കൊടുങ്ങല്ലൂരിൽ നിന്നാൽ ജയസാധ്യത തീരെ ഇല്ലെന്നുള്ള തിരിച്ചറിവാണ് അതിലേക്ക് പ്രതാപനേയും ആ അവസരം അവസരമായി ഉപയോഗിക്കാൻ സുധീരനേയും നയിച്ചത്. കയ്പമംഗലം, മണലൂർ എന്നീ മണ്ഡലങ്ങളിൽ മത്സരിക്കാൻ കഴിയുമോ എന്ന് പ്രതാപൻ ശ്രമിക്കാതെയും ഇരുന്നില്ല. അതും നടക്കില്ല എന്നു കണ്ടപ്പോഴാണ് അവസരത്തെ ആദർശമാക്കാൻ സുധീരനും പ്രതാപനും നിശ്ചയിച്ചത്.

 

കേരള രാഷ്ട്രീയത്തിൽ മുതിർന്നവർ ചെയ്യേണ്ട കാര്യം ഒരു കാരണവശാലും അവർ തങ്ങൾ നേതൃത്വം നൽകുന്ന സ്ഥാനങ്ങളിൽ നിന്നും മാറരുത്. അവരെ മാറ്റാൻ ശക്തിയുള്ള യുവനേതൃത്വം ഉണ്ടായി വന്ന് മാറ്റട്ടെ. കാരണം നേതൃത്വമാണ് നേതൃസ്ഥാനത്ത് ആവശ്യം. ഇപ്പോഴുള്ള നേതൃത്വത്തിന് നേതൃത്വ ഗുണം വേണ്ട വിധം ഇല്ലായിരിക്കാം. എങ്കിലും നിലവിലെ സ്ഥാനങ്ങളിൽ ഏതുവിധേനെയും എത്തിപ്പെടാനുള്ള ശേഷി അവർക്കുണ്ടായിരുന്നു. അതുപോലുമില്ലാത്തവർ ആ സ്ഥാനങ്ങളിലേക്കു വന്നാൽ  ഉണ്ടാകുന്ന അപചയം വളരെ വലുതായിരിക്കും. നേതൃത്വം ശക്തിയാണ്. ഇപ്പോഴുള്ള വൃദ്ധര്‍ മാറുന്നില്ലെങ്കിൽ അതിനര്‍ത്ഥം അവരെ തള്ളിമാറ്റാനുള്ള ശേഷി യുവത്വത്തിനില്ല എന്നതാണ്. അപ്പോൾ അൽപ്പമെങ്കിലും ശക്തി ഉള്ളവർ നേതൃത്വത്തിലുള്ളതാണ് നല്ലത്. അതാണ് ബീജാവാപ സമയം മുതലുള്ള പ്രകൃതി നിയമം. അല്ലാത്തത് പ്രകൃതി വിരുദ്ധമാകും.