Skip to main content

 

വി.എസ്.അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് അടവുകൾ പുറത്തെടുത്തു തുടങ്ങി. ഇത്തവണ, അഴിമതിയെയാണ് അദ്ദേഹം ആയുധമാക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിനു മുൻപു നടന്ന തെരഞ്ഞെടുപ്പിൽ പെൺവാണിഭവും സ്ത്രീപീഡനവുമാണ് അദ്ദേഹം വിഷയമാക്കിയത്. ഇക്കുറി, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹം ആദ്യ വെടി പൊട്ടിച്ചു. പതിവുപോലെ, ഒന്നിലേറെ പക്ഷികളെയാണ് അദ്ദേഹം ഉന്നം വെക്കുന്നത്. തെരഞ്ഞടുപ്പിൽ ഇടതുമുന്നണിയുടെ ജയത്തിനു വേണ്ടിയല്ല, മറിച്ച് സി.പി.ഐ.എമ്മിന്റെ  ഔദ്യോഗിക നേതൃത്വത്തെ വെട്ടിലാക്കാനും സീറ്റ് ഉറപ്പാക്കാനും തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രിയാകാനുമാണ് അദ്ദേഹം ആദ്യ വെടി പൊട്ടിച്ചത്.

 

തലസ്ഥാനത്തു സി.പിഐ.എമ്മിന്റെ ഔദ്യോഗിക ആഭിമുഖ്യത്തിലാണ് ആന്റണി രാജുവിന്റെ കാര്‍മ്മികത്വത്തിൽ കേരളാ കോൺഗ്രസ്സിൽ പിളർപ്പുണ്ടായിരിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരളാ കോൺഗ്രസ്സ് വിട്ട് പുറത്തു വന്നവരെ സ്വാഗതം ചെയ്തതും അഭിനന്ദിച്ചതുമെല്ലാം. എന്നാൽ ആ പ്രസ്താവന വന്ന് അധികം കഴിയും മുൻപ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന വന്നു, ഒരു കാരണവശാലും കേരളാ കോൺഗ്രസ്സ് വിട്ട് പുറത്തു വന്നവരെ സ്വീകരിക്കുന്ന പ്രശ്നമില്ലെന്ന്.കഴിഞ്ഞ അഞ്ചു കൊല്ലം എല്ലാ അഴിമതിയും കാട്ടി, അഴിമതിക്ക് കൂട്ടും നിന്നവരെ കൂടെ കൂട്ടാൻ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

 

അച്യുതാനന്ദന്റെ പ്രസ്താവനയോടെ പാർട്ടി വിട്ട കേരളാ കോൺഗ്രസ്സുകാരേക്കാൾ പെട്ടിരിക്കുന്നത് സി.പി.ഐ.എം ഔദ്യോഗിക നേതൃത്വമാണ്. ഏതാനും ആഴ്ചകളായി മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന വാർത്തയാണ് പാർട്ടി സെക്രട്ടറിയും മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളും ദില്ലിയിലെ പാർട്ടി മീറ്റിംഗ് കഴിഞ്ഞു തിരിച്ചെത്തിയാൽ കേരളാ കോൺഗ്രസ്സിൽ കലഹിച്ചു നിൽക്കുന്നവർ പാർട്ടി വിടുമെന്ന്. അന്നെങ്ങും ഉരിയാടാതിരുന്ന വി.എസ്സാണ് അവർ പാർട്ടി വിട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി അവരെ സ്വാഗതം ചെയ്തതിനു പിന്നാലെ അവരെ ഇടതു പാളയത്തിൽ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

 

അവിഭാജ്യ ഘടകമാകുന്ന വി.എസ്

 

താനില്ലാതെ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ ജയിക്കില്ല എന്നുള്ളത് പാർട്ടിയും മുന്നണിയും മാധ്യമങ്ങളും ഒരേപോലെ ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്ന അനുകൂല സാഹചര്യം വി.എസിനുണ്ട്. വി.എസ് മത്സരിക്കേണ്ടതില്ലെന്ന് പരസ്യമായി പറഞ്ഞ എം.എം.ലോറൻസു പോലും വി.എസ് പ്രചാരണം നയിക്കണമെന്ന് കൂട്ടിച്ചേർക്കാൻ തയ്യാറായത് അച്യുതാനന്ദൻ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു വിജയത്തിന് അവിഭാജ്യ ഘടകമായിരിക്കും എന്നത് കൊണ്ടാണ്.

 

കേരളാ കോൺഗ്രസ് പിളര്‍ന്ന്‍ വരുന്നവരെ ഇടതു മുന്നണിയിൽ എടുക്കില്ല എന്ന പ്രസ്താവനയിലൂടെ അച്യുതാനന്ദൻ പ്രഖ്യാപിച്ചിരിക്കുന്നത് ഇരുമുന്നണിയും അഴിമതിക്കാരും അഴിമതിയുമായി സന്ധി ചെയ്യുന്നവരും ആണെന്നും ഇരു മുന്നണികളിലും അഴിമതിയില്ലാത്ത ഒരേ ഒരാൾ മാത്രമേ ഉള്ളു, അത് താനാണെന്നുമാണ്. അതിലൂടെ, ഇപ്പോൾ തന്നെ ഉയർന്നു നിൽക്കുന്ന വി.എസ്സിന്റെ താരമൂല്യം ആകാശത്തോളം ഉയർന്നിരിക്കുന്നു. ഇതോടെ വി.എസിന്റെ നിര്‍ണ്ണായകത്വം കൂടുതൽ ഉറയ്ക്കുന്നു. അതോടൊപ്പം സിനിമാ താരങ്ങളെ പോലും അസൂയപ്പെടുത്തുന്ന സ്വീകരണങ്ങൾ വനിതാ കോളേജുകളിലുൾപ്പടെ ഒരുക്കുന്നതിനും അണിയറ പ്രവർത്തകർക്ക് കഴിയുന്നുണ്ട്.

 

വി.എസ് അച്യുതാനന്ദൻ ഓരോ വിഷയങ്ങളും എടുക്കുന്നത് ജനങ്ങളുടെ വിശ്വാസവും കൈയ്യടിയും കിട്ടുന്ന വിധത്തിലാണ്. സർക്കാരിനും വ്യവസ്ഥാപിത സ്ഥാപനങ്ങൾക്കുമെതിരെ വാക്കുകൊണ്ടും തോക്കു കൊണ്ടും തീപ്പൊരി പറപ്പിച്ചിരുന്ന സുരേഷ് ഗോപി സിനിമയുടെ വിജയ രസതന്ത്രം തന്നെയാണ് വി.എസ്സിന് കിട്ടുന്ന ജനപിന്തുണയുടെ പിന്നിലെ രഹസ്യം. അധികാരത്തിലേറുമ്പോൾ അദ്ദേഹം ഏറ്റെടുത്ത വിഷയങ്ങളെ അവയുടെ പാട്ടിനു വിടുകയും ചെയ്യുന്നു. അഴിമതിക്കെതിരെയും അല്ലാതെയുമുളള എല്ലാ പോരാട്ടങ്ങളും അദ്ദേഹം ഒറ്റയാനായി നടത്തുന്നത് പ്രസ്ഥാനത്തിന്റെയോ സംസ്ഥാനത്തിന്റെയോ താൽപ്പര്യത്തിനേക്കാൾ തന്റെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണെന്ന് ഇതുവരെയുളള അനുഭവങ്ങൾ തെളിയിക്കുന്നു. അദ്ദേഹത്തിന്റെ താരപദവിയെ തിളക്കാനായി എപ്പോഴും ഉപയോഗിക്കുന്നതാകട്ടെ, സ്വന്തം പ്രസ്ഥാനത്തിലെ നേതൃത്വത്തിനെ വെട്ടിലാക്കുകയും. അതു തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്.

 

കുറുക്കുവഴികളില്‍ സി.പി.ഐ.എം  

 

ഇതു സംഭവിക്കുന്നത് സി.പി.ഐ.എമ്മിന് പറ്റിയ അപചയം കൊണ്ടുതന്നെയാണ്. കാരണം വ്യക്തിപരമായ ലക്ഷ്യങ്ങൾക്കു വേണ്ടിയാണെങ്കിലും ജനം ചിന്തിക്കുന്നതിനൊപ്പവും ജനത്തിന്റെ സാമാന്യബുദ്ധിയെ ബഹുമാനിക്കുന്ന വിധവും വി.എസ് എടുക്കുന്ന നിലപാടുകൾ മാറുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിളർന്നു വന്ന കേരളാ കോൺഗ്രസ്സിനെ ഔദ്യോഗിക നേതൃത്വം സ്വാഗതം ചെയ്തതും അതിനെതിരെ അച്യുതാനന്ദൻ വെടി പൊട്ടിച്ചതും. അച്യുതനാന്ദൻ ഇടഞ്ഞാലും, മത്സരിക്കാതെയും പ്രചാരണത്തിന് നേതൃത്വവും നൽകാതെയും വന്നാലും, വിജയം അത്യാവശ്യം സുനിശ്ചിതമാക്കാൻ കൂടിയാണ് യു.ഡിഎഫിനെ ദുർബലമാക്കിയും കുറേ വോട്ടുകൾ തങ്ങൾക്കനുകൂലമായും മറിക്കാമെന്ന ചിന്തയിൽ കേരളാ കോൺഗ്രസ്സിലെ പിളർപ്പിനെ ഔദ്യോഗിക നേതൃത്വം പ്രോത്സാഹിപ്പിച്ചത്. അതുകൂടി കണ്ടുകൊണ്ടാണ് വി.എസ് തുറന്നടിച്ചിരിക്കുന്നത്.

 

സാമാന്യ ബുദ്ധിയുള്ളവർക്ക് സി.പി.ഐ.എമ്മിന്റെ നിലപാടിനോട് അമർഷം ഉണ്ടാകും. ഉണ്ടായില്ലെങ്കിലേ അത്ഭുതമുളളു. ഇന്നലെവരെ അഴിമതിക്കെതിരെ നാട്ടിലെവിടെയും മന്ത്രിമാർക്കെതിരെ കരിങ്കൊടി കാട്ടിയും മാർഗ്ഗ തടസ്സവുമൊക്കെയുണ്ടാക്കി സംഘർഷ പൂരിതമാക്കിയിട്ട് ഇപ്പോൾ അവരിലൊരു വിഭാഗത്തെ കൂടെക്കൂട്ടിക്കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നു. ഇത്തരത്തിലുള്ള കുറുക്കു ബുദ്ധി കൊണ്ടാണ് ഒന്നര പതിറ്റാണ്ടിലേറെയായി സി.പി.ഐ.എം നേതൃത്വം കെണിയിൽ പെടുന്നതും ആ കെണിയുപയോഗിച്ചുകൊണ്ട് അച്യുതാനന്ദൻ നേടുന്നതും. അതേ നാടകം ഇതാ വീണ്ടും 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അരങ്ങേറുന്നു. അച്യുതാനന്ദൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കൂടുന്നവർ ഇനി ചർച്ച ചെയ്യേണ്ടി വരുന്നത് ഒരു പക്ഷെ പിണറായി വിജയന്‍ മാറിനിൽക്കണമെന്നതായാൽ പോലും അതിശയിക്കാനില്ല. അച്യുതാനന്ദൻ പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലും കാരണവശാൽ വി.എസ് മത്സരിക്കാതെ മാറിനിൽക്കുന്നുവെന്നിരിക്കട്ടെ, ഇദ്ദേഹം ഇപ്പോൾ വച്ച ആപ്പിൽ നിന്ന് ഊരാനും ഇടതുമുന്നണിക്ക് കഷ്ടപ്പെടേണ്ടി വരും. പ്രത്യേകിച്ചും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് ആഘോഷിക്കാൻ പറ്റിയ ആയുധവുമാണ് അച്യുതാനന്ദൻ ഈ വെടിപൊട്ടിക്കലിലൂടെ എറിഞ്ഞുകൊടുത്തിരിക്കുന്നത്. പശ്ചിമ ബംഗാളിൽ സി.പി.ഐ.എം, കോൺഗ്രസ്സുമായി ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും കൂടിയാകുമ്പോൾ പ്രത്യേകിച്ചും. വി.എസ് വെട്ടാനുള്ളത് ഇപ്പോഴേ വെട്ടിത്തുടങ്ങി എന്നു വേണം കരുതാൻ.