Skip to main content

VS Achuthanandanവി.എസ്.അച്യുതാനന്ദന്‍ പുതിയ പോര്‍മുഖവുമായി രംഗത്ത്. പോര്‍ രീതിയില്‍ മാത്രമേ മാറ്റം വരുത്തുന്നുള്ളു. ലക്ഷ്യം പഴയതു തന്നെ. അദ്ദേഹത്തിന്റെ ഏറ്റവും മുഖ്യമായ ലക്ഷ്യം മുന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഒരു കാരണവശാലും കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തരുത്. വി.എസ്സിന്റെ താത്വിക നിലപാടുകളും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും ആ ആവശ്യനിവൃത്തിക്ക് അനുസൃതമായി പ്രായോഗിക്കുക എന്നതാണ് അദ്ദേഹത്തിന്റെ തന്ത്രം.

ഇപ്പോള്‍ പിണറായി സെക്രട്ടറി സ്ഥാനത്തില്ലെങ്കിലും പിണറായിയുടെ ശക്തി പാര്‍ട്ടിയുടെ ഗതിയില്‍ എത്രമാത്രം നിര്‍ണ്ണായകമാണെന്ന് അദ്ദേഹത്തിനറിയാം. പുതിയ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കേന്ദ്രീകരിച്ച് എതിര്‍ക്കാതെ പാര്‍ട്ടിയെ മൊത്തത്തില്‍ നേരിടാന്‍ വി.എസ് ശ്രമിക്കുന്നത് അതിനാലാണ്. പുതിയ പോര്‍മുഖം വി.എസ് പക്ഷത്തെ ഉണര്‍ത്തി സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുക. അത് മാധ്യമദാഹശമനിയായി പരിണമിപ്പിക്കുക. അതിലൂടെ ചില വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക. ആ വിഷയങ്ങളാകട്ടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും താത്വികമായും പ്രായോഗികമായും നെഞ്ചോടു ചേര്‍ക്കേണ്ടതും അതിനുവേണ്ടി പോരാടേണ്ടതുമായിരിക്കുക. അത്തരം വിഷയങ്ങളുയര്‍ത്തി യഥാര്‍ഥ പ്രശ്‌നങ്ങളുടെ കൂടെ താനും അവയുടെ എതിര്‍ഭാഗത്ത് പാര്‍ട്ടിയും എന്ന ധാരണ മാധ്യമങ്ങളിലൂടെ സൃഷ്ടിച്ച് പാര്‍ട്ടിയില്‍ ഒരേ സമയം സംഘടനാപരമായ വിഭാഗീയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക. അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കുക. അതേപോലെ തന്നെ അച്ചടക്ക നടപടി എടുക്കാന്‍ പറ്റാത്ത ഗതികേടില്‍ പലപ്പോഴും പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുക. എന്നിവയാണ് വി.എസ്സിന്റെ പുതിയ പോര്‍മുഖത്തിന്റെ പ്രത്യേകതകള്‍. അതേ സമയം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ജനകീയപോരാട്ടങ്ങളിലെ നേതൃത്വം വഹിക്കുക. ചുരുക്കത്തില്‍ മാധ്യമങ്ങളിലൂടെയും വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെയും ഇതുവരെ തുടര്‍ന്നുപോന്നിരുന്ന അതേ പ്രവര്‍ത്തനത്തിലൂടെ തന്റെ പ്രശസ്തിയും പ്രസക്തിയും കൂടുതല്‍ പ്രാധാന്യത്തോടെ വിപണനമൂല്യം വര്‍ധിപ്പിച്ച് നിലനിര്‍ത്തി പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് മുഖത്ത് താന്‍ പറയുന്ന ചാലിലൂടെ പാര്‍ട്ടിയെ നടത്തിക്കുക എന്നതുതന്നെയാണ് വി.എസ്.ലക്ഷ്യമിടുന്നത്.

          പുതിയപോര്‍മുഖത്തിന്റെ തുടക്കവും ആലപ്പുഴ ജില്ലയില്‍ നിന്നാണ് വി.എസ്.തുടക്കം കുറിച്ചിരിക്കുന്നത്. മാന്നാറില്‍ നിന്ന്. അവിടെ സംഘടിക്കപ്പെട്ട  ചടങ്ങ് കേട്ടാല്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്കെന്നല്ല, ആര്‍ക്കും എതിര് പറയാന്‍ പറ്റാത്തതാണ്. രക്തസാക്ഷികളെ അനുസ്മരിക്കലും അവരുടെ കുടുംബങ്ങളെ ആദരിക്കലും , നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായ വിതരണവും. ഈ ചടങ്ങ് സംഘടിപ്പിച്ചത് ദേശാഭിമാനി സ്വയം സഹായസംഘം. ഇതിന്റെ മുഖ്യഭാരവാഹി അറിയപ്പെടുന്ന വി.എസ്.പക്ഷക്കാരനായ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി. അതുപോലെ തന്നെ മറ്റ് ഭാരവാഹികളുമെല്ലാം വി.എസ്.പക്ഷക്കാരായ പാര്‍ട്ടി ഭാരവാഹികളും പാര്‍ട്ടിപ്രവര്‍ത്തകരുമാണ്. രക്തസാക്ഷികളുടെ കുടുംബത്തെ തിരിഞ്ഞുനോക്കി അവരെ ആദരിക്കുന്നവര്‍ പറയാതെ പറയുന്ന ചില സന്ദേശങ്ങളുണ്ട്. അവര്‍ അവഗണിക്കപ്പെട്ടുകിടക്കുന്നവരാണ്. ആരാണ് അവരെ പരിഗണിക്കേണ്ടത്. പരിഗണിക്കേണ്ടവര്‍ പരിഗണിക്കാത്തതിലാണ് തങ്ങള്‍ക്ക് അവരെ ആദരിക്കേണ്ടിവന്നത്. അതുപോലെ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കഴിയാത്ത രാഷ്ട്രീയം അത് ഏതു പാര്‍ട്ടിയായാലും എങ്ങനെ രാഷ്ട്രീയപ്രവര്‍ത്തനമാകും. അപ്പോള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അത്തരം ഉത്തരവാദിത്വത്തിലുള്ള പ്രാധാന്യം പറയേണ്ടതില്ല. അവിടെയും പാര്‍ട്ടിക്ക് മറവി പറ്റിയിരിക്കുന്നു. ഈ ഓര്‍മ്മക്കുറിവിനെ ഉണര്‍ത്തിക്കൊണ്ട് വിഭാഗീയപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് തൊന്നൂറ്റിമൂന്നാം വയസ്സില്‍ വി.എസ്. ശ്രമിക്കുന്നത്. 

             വി.എസ്സിന്റെ ഈ നീക്കം നന്നായി മനസ്സിലാക്കിയതിനെ തുടര്‍ന്നാണ്  ഉടന്‍ പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് വി.എസ്സിന്റെ മാന്നാറിലെ പരിപാടിയെ പാര്‍ട്ടിവിരുദ്ധമായി പ്രഖ്യാപിച്ചത്. അതിന്റെ നടത്തിപ്പില്‍ നിന്നും അതില്‍ പങ്കെടുക്കുന്നതില്‍ നിന്നും പാര്‍ട്ടിഭാരവാഹികളേയും പാര്‍ട്ടി അണികളേയും വിലക്കുകയും ചെയ്തത്.  വി.എസ്സിന്റെ പുതിയ പോരിന്റെ ആഴം മനസ്സിലാക്കി രക്തസാക്ഷികളുടെ യഥാര്‍ഥ അവകാശികള്‍ പാര്‍ട്ടിയല്ലാതെ മററാരുമില്ലെന്നും അതിനാല്‍ രക്തസാക്ഷികളെ ആദിരിക്കാന്‍ പാര്‍ട്ടിക്കല്ലാതെ മറ്റാര്‍ക്കും അവകാശമില്ലെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.പാര്‍ട്ടിയുടെ ഈ വിലക്ക് എന്നാല്‍ മാന്നാറിലെ പരിപാടിയുടെ സംഘാടകരെ കൂടതല്‍ ആവേശത്തിലാക്കുകയാണുണ്ടായത്. കാരണം വി.എസ്.ഉദ്ദേശിച്ചതിനേക്കാള്‍ കൂടിയ രീതിയില്‍ അതിനുള്ള പ്രതികരണം പാര്‍ട്ടിയില്‍ നിന്നു തനിക്ക് കാണാന്‍ കഴിഞ്ഞു. മാന്നാറിലെ പരിപാടിയില്‍ നിന്ന് പാര്‍ട്ടി ഭാരവാഹികളില്‍ മിക്കവരും ഔപചാരികമായി വിട്ടുനിന്നുവെങ്കിലും സംഘാടകര്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഇത് പാര്‍ട്ടിയില്‍ പുതിയ തലവേദനയ്ക്കിടയാക്കും. ഈ തലവേദനയില്‍ ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുന്നതിലും ഒറ്റക്കെട്ടായി ഭരണകക്ഷിയുടെ എതിര്‍ക്കപ്പെടേണ്ട കാര്യങ്ങളെ എതിര്‍ക്കാനോ ഉളള പാര്‍ട്ടിയുടെ ശ്രദ്ധയേയും കഴിവിനേയും നിര്‍വീര്യമാക്കുക. അല്ലെങ്കില്‍ അലസമാക്കുക. ആ ദൗത്യം തന്റെ ഒറ്റയാന്‍ പോരാട്ടത്തില്‍ മാത്രമായി ചുരുക്കിനിര്‍ത്തുക. ഇതാണ് ഏഴ് പതിറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ വി.എസ്സിന്റെ മുന്നില്‍ സി.പി.എം എന്ന കേഡര്‍പാര്‍ട്ടി നിസ്സഹായമായി മാറുന്നതും തെരഞ്ഞെടുപ്പുമുഖത്ത് വി.എസ്സില്ലാതെ പാര്‍ട്ടിക്കും മുന്നണിക്കും ജനങ്ങളെ നേരിടാന്‍ കഴിയാത്തതും. ഈ അവസ്ഥ നിലനിര്‍ത്തുന്നതിന് കാലത്തിനനുസൃതമായ തന്ത്രങ്ങള്‍ മെനയുന്നതില്‍ വി.എസ്.വിജയം കാണുന്നു . ആ വഴിക്കാണ് മാന്നാറില്‍ നിന്നാരംഭിച്ച പുതിയ പോര്‍ മുഖവും തുറക്കപ്പെടുന്നത്.