Skip to main content

 

ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്പോര് മാദ്ധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ മാഞ്ഞുപോയത് കശ്മീര്‍ താഴ്വരയിലെ പ്രക്ഷോഭമാണ്. പലസ്തീനിലെ സമരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഇന്തിഫാദ എന്ന്‍ കശ്മീരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രക്ഷോഭം, പക്ഷെ ഇനിയും അടങ്ങിയിട്ടില്ല. വിഘടനവാദ സംഘടനകള്‍ ഓരോ ആഴ്ചയും പ്രതിഷേധ കലണ്ടര്‍ പുതുക്കുന്നു. തെരുവുകളില്‍ സാധാരണ ജീവിതം സ്തംഭിച്ചുനില്‍ക്കുന്നു. സര്‍ക്കാറിന്റെ വാറോലകള്‍ ഫലിക്കുന്നില്ല. ജൂലൈ എട്ടിന് തുടങ്ങിയ പ്രക്ഷോഭത്തില്‍ സുരക്ഷാ സൈനികരുമായുള്ള സംഘര്‍ഷങ്ങളില്‍ ഇതിനകം ചുരുങ്ങിയത് 87 പേര്‍ കൊല്ലപ്പെടുകയും സൈനികരടക്കം പതിനൊന്നായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു.

 

ഒരര്‍ത്ഥത്തില്‍ ഉര്‍വ്വശീശാപം ഉപകാരം എന്ന്‍ പറയുന്ന പോലെയാണ് സെപ്തംബര്‍ 18-ലെ ഭീകരാക്രമണം ഇന്ത്യയ്ക്ക് നയതന്ത്ര തലത്തില്‍ വന്നു ഭവിച്ചിരിക്കുന്നത്. അതുവരെ സംഘര്‍ഷങ്ങളെ നേരിടുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളാണ് നയതന്ത്ര വേദികളില്‍ പ്രധാനമായും ഉയര്‍ന്നിരുന്നത്. പെല്ലറ്റ് തോക്കുകളില്‍ നിന്നുള്ള വെടിയേറ്റ് പരിക്കേറ്റവരുടെയും കാഴ്ച നഷ്ടപ്പെട്ടവരുടെയും ചിത്രങ്ങളും വര്‍ധിച്ചുവരുന്ന മരണസംഖ്യയും ഇന്ത്യയെ പ്രതിരോധത്തിലാക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാകിസ്ഥാനെതിരെ പ്രസ്താവനകളുമായി രംഗത്തെത്തി. അധികാരമേറ്റ ശേഷം പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ ഏറെ ശ്രമം ചെയ്ത മോദി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ തന്നെ ബലൂചിസ്ഥാന്‍ പോലെ ഇന്ത്യയ്ക്ക് ബന്ധമില്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ചു. സത്യത്തില്‍ കശ്മീരില്‍ സംഘര്‍ഷത്തെ നയതന്ത്രപരമായി പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു എന്നത് കൂടുതല്‍ വ്യക്തമാകുകയായിരുന്നു ബലൂചിസ്ഥാന്‍ വിഷയത്തില്‍ മറ്റൊരു ആക്രമണ മുഖം തുറക്കാനുള്ള ഇന്ത്യയുടെ നീക്കം.       

 

18 സൈനികര്‍ കൊല്ലപ്പെട്ട ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാനെ ലാക്കാക്കി തീവ്രവാദത്തെ കേന്ദ്ര വിഷയമാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ നയതന്ത്ര ആക്രമണം കശ്മീര്‍ വിഷയത്തെ പിന്നിലേക്ക് തള്ളാന്‍ സഹായിച്ചിട്ടുണ്ട് എന്ന്‍ കാണാം. ഒരുപക്ഷെ, കശ്മീരിലെ പ്രക്ഷോഭത്തെ വലിയ രീതിയില്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കാതെ അടിച്ചമര്‍ത്താനുള്ള അവസരവും ഇനി ന്യൂഡല്‍ഹിയ്ക്ക് ലഭിക്കും. സംഘര്‍ഷങ്ങളെ നേരിടാന്‍ കരസേനയെ വിന്യസിക്കാന്‍ തീരുമാനിച്ചതിന്റെ പുറകെയാണ് ആക്രമണം എന്നതിനാല്‍ മുറിവേറ്റ സേനയുടെ വര്‍ധിതവീര്യവും സര്‍ക്കാറിനെ സഹായിക്കും.

 

എന്നാല്‍, ഇത് രാജ്യവുമായുള്ള കശ്മീര്‍ ജനതയുടെ അന്യവല്‍ക്കരണം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്നതറിയാന്‍ 2010-ലെ പ്രക്ഷോഭത്തിന്റെ സമീപചരിത്രം നമുക്ക് മുന്നിലുണ്ട്. അന്ന് പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് സൈന്യം വ്യാജ ഏറ്റുമുട്ടലില്‍ മൂന്ന്‍ നിരപരാധികളെ കൊലപ്പെടുത്തിയതാണ് 120 പേര്‍ കൊല്ലപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. എന്നാല്‍, ഇപ്പോള്‍ കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാണ്ടര്‍ ആയ 22 വയസ് മാത്രം പ്രായമുള്ള ബുര്‍ഹാന്‍ വാനിയുടെ കൊലപാതകമാണ് പ്രക്ഷോഭത്തിന് കാരണമായത്. 2010-ല്‍ 16 വയസ്സ് മാത്രമുണ്ടായിരുന്ന വാനി അന്നത്തെ പ്രക്ഷോഭത്തിന്റെ ഉല്‍പ്പന്നമാണെന്ന് കാണാം. അന്നത്തെക്കാളും രക്തരൂഷിതവും വ്യാപകവുമായ ഇപ്പോഴത്തെ പ്രക്ഷോഭവും അടിച്ചമര്‍ത്തി മുന്നോട്ടുപോകുകയാണ് ന്യൂഡല്‍ഹിയുടെ ഉദ്ദേശമെങ്കില്‍ അടുത്ത തവണ എന്തുണ്ടാകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

 

കശ്മീര്‍ പ്രശ്നത്തിന് സൈനികമായിട്ടുള്ളതല്ല, രാഷ്ട്രീയമായിട്ടുള്ള പരിഹാരമാണ് ആവശ്യമെന്ന് പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. അധികാരമേറ്റ ശേഷം പാകിസ്ഥാനുമായുള്ള സമാധാനം പോലെ ജമ്മു കശ്മീരും പ്രധാനമന്ത്രി മോദിയുടെ സവിശേഷ ഊന്നല്‍ ലഭിച്ച വിഷയമാണ്. രണ്ടും വേര്‍തിരിക്കാന്‍ കഴിയാത്തതാണെന്ന ശരിയായ തിരിച്ചറിവില്‍ നിന്ന്‍ വികസനത്തിന്റെ ഭാഷയില്‍ കശ്മീരിനെ അഭിസംബോധന ചെയ്ത മോദി ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയും ജനിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പങ്കിടുന്ന നിലയിലേക്ക് ബി.ജെ.പി എത്തിയതിലും ഇത് ഒരു പരിധി വരെ കാരണമായിട്ടുണ്ട്. എന്നാലിപ്പോള്‍, ഉറി ആക്രമണത്തോടെ മോദിയുടെ പാകിസ്ഥാന്‍ നയം പാളം തെറ്റുമ്പോള്‍ കശ്മീര്‍ പ്രശ്നത്തിനുള്ള പരിഹാരവും അകലുകയാണ്.

 

കശ്മീര്‍ ജനതയുടെ വിശ്വാസനഷ്ടം നികത്താതെ കശ്മീര്‍ പ്രശ്നത്തിനു ഒരു പരിഹാരമില്ല. വികസന പദ്ധതികള്‍ കൊണ്ടുമാത്രം അത് സാധ്യമാകുകയുമില്ല. ആ പശ്ചാത്തലത്തില്‍ ഈ പ്രക്ഷോഭത്തെ കേന്ദ്രം എങ്ങനെ സമീപിക്കുന്നു എന്നത് ഇപ്പോഴും നിര്‍ണ്ണായകമായ ഒരു ചോദ്യമാണ്. പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ നിന്ന്‍ സ്വതന്ത്രമായി കശ്മീരിനെ സമീപിക്കാനുള്ള ഒരു അവസരം ഇപ്പോഴും സര്‍ക്കാറിന് മുന്നിലുണ്ട്. ഇത് ഉപയോഗിക്കാനും അതിലൂടെ എതുവിധേനെയും പ്രക്ഷോഭത്തിന് സമാധാനപരമായ ഒരു പരിസമാപ്തി കൊണ്ടുവരാനും കഴിഞ്ഞാല്‍ അത് ഇന്ത്യ-പാക്‌ ബന്ധത്തിലും ഒരു പുതിയ വഴിത്തിരിവാകും. പാകിസ്ഥാന്‍ നയത്തെ മോദി യാത്ര തുടങ്ങിയ ദിശയിലേക്ക് വീണ്ടും കൊണ്ടുവരാനും അത് സഹായിച്ചേക്കും.

 

ഗൌരവകരമായ വെല്ലുവിളികള്‍ ഉള്ള ഒരു സാധ്യതയാണിത്‌. ഇതിലെ ആദ്യ വെല്ലുവിളി മോദിയുടെ പാളയത്തില്‍ നിന്നുതന്നെയാണ്. യുദ്ധോത്സുക മാനസിക നിലയിലേക്ക് എത്തിയിട്ടുള്ള ബി.ജെ.പിയുടെയും സംഘപരിവാരത്തിലെയും അണികള്‍ ഇത്തരം സമീപനത്തെ എങ്ങനെ സ്വീകരിക്കും എന്നതാണത്. മറ്റൊന്ന്, രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിലെ മുസ്ലിം ജനതയ്ക്ക് ഇവിടെ മുസ്ലിം സമൂഹം സുരക്ഷിതമാണെന്ന തോന്നല്‍ ഉണ്ടാകുന്ന ഒരു അന്തരീക്ഷമല്ല രാജ്യത്ത് ഇപ്പോള്‍ ഉള്ളത്. അതിനും സംഘ പരിവാര അണികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. പരസ്പര ബന്ധിതമായ പാകിസ്ഥാന്‍-കശ്മീര്‍-മുസ്ലിം വിഷയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന ദിശയിലേക്ക് തന്റെ അണികളെ കൊണ്ടുവരാനുള്ള ശക്തമായ നടപടി പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായേ തീരൂ. ആ കാര്യത്തില്‍ തുടക്കത്തിലേ ഉണ്ടായ ഉപേക്ഷയാണ് നിര്‍ണ്ണായകമായ ഈ അവസരത്തില്‍ പതിവുകള്‍ വിട്ടുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ പ്രധാനമന്ത്രിയ്ക്ക് ബാധ്യതയായി മാറിയിരിക്കുന്നത്. മുസ്ലിങ്ങളെ സ്വന്തം പോലെ കരുതി പെരുമാറാന്‍ പാര്‍ട്ടിയുടെ കോഴിക്കോട് ദേശീയ കൌണ്‍സിലില്‍ മോദി പാര്‍ട്ടി ഭാരവാഹികളോടും അതുവഴി അണികളോടും സംഘ പരിവാര്‍ സൈദ്ധാന്തികന്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയെ ഉദ്ധരിച്ച് ആഹ്വാനം ചെയ്തത് അതുകൊണ്ടുതന്നെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.