Skip to main content

nawas sherif and narendra modi

 

വിഭജനത്തില്‍ തുടങ്ങി ഇന്നും തുടരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ അദ്ധ്യായമാണ് 2016 ജൂലൈ എട്ടിന് ബുര്‍ഹാന്‍ വാനിയുടെ വധത്തോടെ കശ്മീരില്‍ ആരംഭിച്ചത്. ഈ സംഘര്‍ഷം സമാധാനത്തിന് ഊന്നാല്‍ കൊടുത്ത മോദിയുടെ പാകിസ്ഥാന്‍ നയത്തെ ഇളക്കിത്തുടങ്ങിയെങ്കില്‍ അതിന്റെ പാളം തെറ്റാന്‍ തുടങ്ങുന്ന കാഴ്ചയാണ് സെപ്തംബര്‍ 18-ലെ ഉറി ആക്രമണത്തോടെ കാണുന്നത്.

 

അധികാരമേറ്റ ശേഷം പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്യധികം ഊന്നല്‍ കൊടുത്തത് മോദിയുടെ വിമര്‍ശകരെ പോലും അമ്പരിപ്പിച്ചതാണ്. പാകിസ്ഥാനുമായുള്ള ശത്രുത ദേശീയതയുടെ ആധാരങ്ങളില്‍ ഒന്നാക്കുന്ന ബി.ജെ.പിയുടെ നയത്തിനും അതില്‍ ഊന്നിക്കൊണ്ടുള്ള തന്റെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു വഴിയാണ് പാകിസ്ഥാന്‍ നയത്തില്‍ മോദി തെരഞ്ഞെടുത്തത്. 2014 മേയില്‍ സത്യപ്രതിജ്ഞയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് അടക്കമുള്ള ദക്ഷിണേഷ്യന്‍ ഭരണാധികാരികളെ ക്ഷണിച്ചതിലൂടെ മോദി അത് പ്രകടമാക്കുകയും ചെയ്തു.

 

എന്നാല്‍, സൗഹൃദപരമായ ഒരു സമീപനം, പ്രത്യേകിച്ച് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന്‍, എളുപ്പമാകില്ല എന്നതിന്റെ സൂചനകളും തുടക്കത്തില്‍ തന്നെയുണ്ടായിരുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായി പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ 2014 ആഗസ്തില്‍ നടത്തിയ കൂടിക്കാഴ്ച യഥാര്‍ത്ഥത്തില്‍ കശ്മീര്‍ പ്രശ്നത്തില്‍ പുതിയ ഭരണകൂടം എന്ത് നിലപാടെടുക്കും എന്നതിന്റെ ഒരു ലിറ്റ്മസ് പരിശോധന ആയിരുന്നു എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നു. അന്ന്‍ സെക്രട്ടറി തല ചര്‍ച്ച റദ്ദാക്കി കൊണ്ടുള്ള, അര്‍ഹിക്കുന്ന അളവിലും ഏറിയുള്ള, പ്രതികരണം, കശ്മീര്‍ ബി.ജെ.പിയ്ക്ക് ഒരു അതിവൈകാരിക പ്രശ്നമായി തുടരുന്നു എന്നതാണ് വെളിപ്പെടുത്തിയത്.

 

പിന്നീട് 2014 നവംബറില്‍ നേപ്പാളില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ രൂപം കൊണ്ട മഞ്ഞുരുകാന്‍ തുടങ്ങിയിരുന്നു. സമ്മേളനത്തിനിടെ മോദിയും ഷെരിഫും തമ്മില്‍ ഹസ്തദാനം നടത്തിയതിന് പുറമേ, ഒരു മണിക്കൂറോളം ഇരുനേതാക്കളും രഹസ്യമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു വര്‍ഷത്തിനു ശേഷം 2015 ഡിസംബറില്‍ മോദി ലാഹോറില്‍ ഷെരിഫിനെ സന്ദര്‍ശിക്കുകയും ചെയ്തു. മുന്‍കൂട്ടി വെളിപ്പെടുത്താതെ നടത്തിയ ഈ കൂടിക്കാഴ്ച മോദിയുടെ പാകിസ്ഥാന്‍ നയത്തിന്റെ ഉന്നതബിന്ദുവായി മാറി.

 

പൊതുവേ, നയതന്ത്ര ബന്ധങ്ങള്‍ക്ക് വ്യക്തിപര മാനങ്ങള്‍ നല്‍കാനുള്ള മോദിയുടെ ശ്രമം പാകിസ്ഥാനുമായുള്ള ബന്ധത്തിലും പ്രകടമായിരുന്നു. നേരത്തെ സത്യപ്രതിജ്ഞയ്ക്ക് ഇന്ത്യയിലെത്തിയപ്പോള്‍ ഷെരിഫിന്റെ അമ്മയ്ക്കായി ഷാള്‍ സമ്മാനിച്ച മോദി ഷെരിഫിന്റെ പിറന്നാള്‍ ദിനത്തിലാണ് ഔദ്യോഗികതകള്‍ ഇല്ലാത്ത സന്ദര്‍ശനം നടത്തിയത്. ഷാളിന് പകരമായി മോദിയുടെ അമ്മയ്ക്ക് സാരി സമ്മാനിച്ച ഷെരിഫിന്, പക്ഷെ, പകരം സന്ദര്‍ശനത്തിന് അവസരം ലഭിച്ചില്ല. 2016 ജനുവരിയില്‍ പത്താന്‍കോട്ട് സൈനികതാവളത്തില്‍ നടന്ന ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ചെറിയ വിള്ളലല്ല വീഴ്ത്തിയത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണം എന്നത് മാത്രമല്ല, സൈനികതാവളം തന്നെ ആക്രമിക്കപ്പെട്ടതും സമാധാനത്തിന്റെ പാത ഏറെക്കുറെ അടച്ചു.

 

ഇതിനു പിന്നാലെ ആഭ്യന്തര രാഷ്ട്രീയത്തിലുണ്ടായ സംഭവവികാസങ്ങളും പാകിസ്ഥാന്‍ നയത്തില്‍ മോദിയുടെ സാധ്യതകള്‍ പരിമിതപ്പെടുത്തുന്നവായിരുന്നു. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ എടുത്ത രാജ്യദ്രോഹ കേസ് ബി.ജെ.പിയുടെ തീവ്ര ദേശീയ നിലപാടുകള്‍ ശക്തിപ്പെടുത്താനാണ് സഹായകമായത്. ഈ കേസിലും കശ്മീര്‍ ഒരു ഘടകമായിരുന്നു. വധശിക്ഷയ്ക്ക് വിധേയരായ 2001-ലെ പാര്‍ലിമെന്റ് ആക്രമണ കേസിലെ പ്രതിയും കശ്മീര്‍ സ്വദേശിയുമായ അഫ്സല്‍ ഗുരു, കശ്മീര്‍ വിഘടന വാദ നേതാവ് മഖ്ബൂല്‍ ഭട്ട് എന്നിവരുടെ അനുസ്മരണ പരിപാടിയാണ് വിവാദത്തിനും കേസിനും ഇടയാക്കിയത്. ഇത് ഉയര്‍ത്തി വിട്ട രാഷ്ട്രീയ ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ബുര്‍ഹാന്‍ വാനിയുടെ വധം നടക്കുന്നത്. ഇന്ത്യ നിരോധിച്ച തീവ്രവാദ സംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാണ്ടര്‍ ആയിരുന്ന 22-കാരനായ വാനി സാമൂഹ്യ മാദ്ധ്യമങ്ങളിലെ സാന്നിദ്ധ്യത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കശ്മീര്‍ സ്വദേശിയായ വാനി സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ താഴ്വര പ്രക്ഷുബ്ധമാകുകയായിരുന്നു. 2010-ലെ പ്രക്ഷോഭത്തിനു ശേഷം കശ്മീര്‍ കണ്ട ഏറ്റവും സംഘര്‍ഷഭരിതമായ പ്രക്ഷോഭം 75 ദിവസം പിന്നിട്ടിട്ടും അയവില്ലാതെ തുടരുകയാണ്. ഇതുവരെ 87 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം നയതന്ത്ര തലത്തില്‍ പ്രതിരോധത്തിലായ പാകിസ്ഥാന് കശ്മീര്‍ പ്രക്ഷോഭം ഒരു ആയുധമായി മാറുകയായിരുന്നു. പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായി ആരോപിച്ച് നയതന്ത്ര തലത്തില്‍ മറ്റൊരു ആക്രമണ മുഖം പാകിസ്ഥാന്‍ തുറന്നതോടെ, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന സന്ദേശത്തിനിടെ ബലൂചിസ്ഥാന്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി താന്‍ തുടര്‍ന്നുവന്ന നയത്തില്‍ നിന്നുള്ള പിന്മടക്കം പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോള്‍, ഉറി ആക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മോദി ആഗ്രഹിച്ച രീതിയിലുള്ള ഒരു മാറ്റം  സമീപകാലത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍, ഇത് മോദിയുടെ പരാജയമായി കാണേണ്ടതില്ല. ഇന്ത്യ-പാക് ബന്ധങ്ങളെ നിര്‍ണ്ണയിക്കുന്ന താല്‍പ്പര്യങ്ങള്‍ പലതും അവയോരോന്നും സങ്കീര്‍ണ്ണവും പലപ്പോഴും പരസ്പര വിരുദ്ധവുമാണ്. എന്നാല്‍, സങ്കുചിതമായ ദേശീയവാദം മാത്രം മുന്നില്‍ക്കണ്ട് വസ്തുനിഷ്ഠ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാതെ ജനവികാരത്തെ ഉദ്ദീപിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യുന്നതല്ല. അത്തരത്തില്‍ ഉദ്ദീപിക്കപ്പെട്ട ജനവികാരത്തിന്‍റെ പേരില്‍ യുദ്ധത്തിലേക്ക് നീങ്ങുന്നതാകട്ടെ ദോഷം മാത്രമേ വരുത്തുകയുള്ളൂ.