സംസ്ഥാന വിഭജന തീരുമാനത്തെത്തുടര്‍ന്ന് സീമാന്ധ്ര പുകയുന്നു. സംസ്ഥാനം വിഭജിക്കണമെന്ന യു.പി.എയുടെ രാഷ്ട്രീയ തീരുമാനം വന്നതിനു ശേഷം റായലസീമയിലും തീര ആന്ധ്രയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പ്രക്ഷോഭം തുടരുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നും തന്നെ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. വാഹന ഗതാഗതം തടസ്സപ്പെട്ടിട്ട് ദിവസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തെലങ്കാന സംസ്ഥാനം നിലവില്‍ വന്നാല്‍ ഹൈദ്രാബാദില്‍ സര്‍ക്കാര്‍ ജോലിയുള്ള സീമാന്ധ്രക്കാര്‍ ജോലിവിട്ടു അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങണമെന്ന തെലങ്കാന രാഷ്ട്രസമതി നേതാവ് ചന്ദ്രശേഖര റാവുവിന്റെ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇതിനെത്തുടര്‍ന്ന് ആന്ധ്രപ്രദേശ് നോണ്‍ ഗെസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍റെ (എ.പി.എന്‍.ജി.ഒ) നേതൃത്വത്തില്‍ ഹൈദരാബാദിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജോലിസുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നു ശനിയാഴ്ച ജോലികളില്‍നിന്നു വിട്ടുനിന്നു. എന്നാല്‍ ഹൈദ്രാബാദില്‍ ജോലി ചെയ്യുന്ന സീമാന്ധ്രയിലുള്ളവര്‍ തിരിച്ചു പോവണമെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും അവിടെനിന്നുള്ളവര്‍ ആന്ധ്രക്കു വേണ്ടിയും തെലങ്കാനയിലുള്ളവര്‍ തെലങ്കാനക്കുവേണ്ടിയും പ്രവര്‍ത്തിക്കണമെന്നും തെലങ്കാന ജേണലിസ്റ്റ് ഫോറം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രശേഖര റാവു വ്യക്തമാക്കി.
എന്നാല്‍ ചന്ദ്രശേഖര റാവുവിന്റെ പുതിയ പ്രസ്താവന സീമാന്ധ്ര പ്രവര്‍ത്തകര്‍ മുഖവിലക്കെടുത്തിട്ടില്ല. പ്രക്ഷോഭങ്ങള്‍ ശക്തമായിതുടരുകയാണ്. കോണ്ഗ്രസ് ഏകപക്ഷീയമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നും സര്‍ക്കാരിലുള്ള വിശ്വാസ്യത നഷ്ടമായെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് നിര്‍ദിഷ്ട സീമാന്ധ്ര .
ആന്ധ്രയില്‍ നിന്നുളള ഒന്‍പത് എംപിമാര്‍ രാജി സമര്‍പ്പിച്ചതിനു പുറമെ നാല് കേന്ദ്രമന്ത്രിമാരും നാല് എംപിമാരും കൂടി രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. ആറ് കോണ്‍ഗ്രസ് മന്ത്രിമാര്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിക്ക് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. എ. സായി പ്രതാപ്, അനന്ത വെങ്കട്ട രമണി, സി.വി ഹര്‍ഷകുമാര്‍, വുണ്ടവല്ലി അരുണ്‍ കുമാര്‍, എല്‍. രാജഗോപാല്‍, എസ്.പി.വി റെഡ്‌ഡി എന്നീ ലോക്‌സഭാ എം.പിമാരും രാജ്യസഭാ എം.പി കെ.വി.പി രാമചന്ദ്ര റാവുവും നേരത്തെ രാജി വച്ചിരുന്നു.