Skip to main content
ഡോക്ടർമാരുടെ സംഘടന ഡോ. വന്ദനദാസിന്റെ കൊലപാതകത്തെ സാമൂഹിക കാഴ്ചപ്പാടിൽ സമീപിക്കണം . ഇത് അവരുടെ സുരക്ഷാപ്രശ്നം മാത്രമായി ചുരുക്കിക്കാണരുത്. ഇത്തരം തീവ്രവേദനാജനകമായ സംഭവം ഉണ്ടാകുമ്പോൾ ബന്ധപ്പെട്ടവർക്ക് അതിനോട് ശക്തമായി പ്രതികരിക്കാൻ  തോന്നുക സ്വാഭാവികമാണ്. വിശേഷിച്ചും ജൂനിയർ ഡോക്ടർമാർക്ക് . അവിടെയാണ് നേതൃത്വം ഉത്തരവാദിത്വവും വിശാലമായ കാഴ്ചപ്പാടും പക്വതയും പ്രകടിപ്പിക്കേണ്ടത്. ഡോക്ടർ മാരുടെ സംഘടന അതിൽ പരാജയപ്പെട്ടു. മൂർച്ചയില്ലാത്ത ഉപകരണങ്ങൾ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കാറില്ല.  അവസരത്തിലും അനവസരത്തിലും രാഷ്ട്രീയപാർട്ടികളും സർവ്വ സംഘടനകളും ഉപയോഗിച്ച് വായ്ത്തല തേഞ്ഞ സമര   രീതിയാണ് കേരളത്തിൽ മിന്നൽ സമരം. ഏറ്റവും ഒടുവിൽ പ്രയോഗിക്കേണ്ട ആയുധം. എന്നാൽ,കേരളത്തിൽ ആദ്യം ഉപയോഗിക്കുന്നതും. ഡോക്ടർമാരുടെ സംഘടനയും വേറിട്ടതാകുന്നില്ല. വന്ദനയുടെ കൊലപാതകത്തിന് ഉത്തരവാദി പോലീസ് തന്നെയാണ് . എന്നാൽ അത്തരം ഒരു സാഹചര്യം രൂപപ്പെട്ടതിന്റെ കാരണം മറ്റു പലതുമാണ് . ഡോ.വന്ദന കുത്തേറ്റ് മരിച്ചത് കേരള ജനതയെ മാത്രമല്ല മനുഷ്യരായിട്ടുള്ളവരെയെല്ലാം തന്നെ ഡോക്ടർമാരുടെ ജോലിസ്ഥലത്തെ രക്ഷക്കു വേണ്ടി അണിനിരത്തുന്ന കാഴ്ചയും കേരളം കണ്ടു. സംഭവം നടന്ന് നിമിഷങ്ങൾക്കകം ഹൈക്കോടതി സ്വമേധയാ കേസെടുത്തതും പുതിയ അനുഭവമായി. സമൂഹം മൊത്തം ഒന്നായി അവരോടൊപ്പം നിന്നപ്പോൾ അവർ സ്വയം സമൂഹത്തിൽ നിന്ന് വേർപെടുന്നതായി അവർ രണ്ടു ദിവസം നടത്തിയ സമരം. സമൂഹത്തെ അവർക്ക് കാണാൻ കഴിയാതെ പോയി. ഹൈക്കോടതി ഉൾപ്പെടെ കേരളത്തിലെ സമൂഹം മുഴുവൻ ഒന്നിച്ച് ഉണർന്ന ഈ സാഹചര്യത്തിൽ ഡോക്ടർമാർ അത് തിരിച്ചറിഞ്ഞു അവരോടൊപ്പം ചേർന്ന് ശക്തി പകരേണ്ട നിമിഷമായിരുന്നു .സമൂഹത്തിൻ്റെ ഉത്കണ്ഠയും ആവശ്യവും തന്നെയായിരുന്നില്ലേ ഡോക്ടർമാരുടേതും. പകരം തങ്ങൾക്കു വേണ്ടി സ്വമേധയാ മുന്നിട്ടിറങ്ങിയ സമൂഹത്തെ ശിക്ഷിക്കുന്നതായി അവരുടെ മിന്നൽ സമരം.  ആശുപത്രികളിൽ എത്തിയ സാധാരണ രോഗികളും അവരുടെ ബന്ധുക്കളും വല്ലാതെ വലഞ്ഞു. ഇങ്ങനെ യുള്ള സമീപനം ഡോക്ടർമാരും സമൂഹവും തമ്മിലുള്ള അകലം വർദ്ധിപ്പിക്കുന്നു. ഇത് തന്നെയാണ്  ഡോക്ടർമാരും രോഗികളും അവരുടെ ബന്ധുക്കളും തമ്മിൽ സംഘർഷങ്ങൾക്കും സംഘട്ടനങ്ങൾക്കും വഴിതെളിക്കുന്നതിലെ ഒരു പ്രധാന കാരണം. ഈ അകൽച്ച നിമിത്തം ഇന്നത്തെ  സാഹചര്യത്തിൽ   ആശുപത്രികളിൽ പോലീസ് എയിഡ് പോസ്റ്റുകൾ  വേണ്ടതാണ് . എന്നാൽ പോലീസ് എയിഡ്പോസ്റ്റുകൾ കൊണ്ടുമാത്രം ഈ സംഘർഷവും സംഘട്ടനവും ഇല്ലാതാക്കാൻ കഴിയുകയില്ല. ഇവിടെ വേണ്ടത് ഈ അകൽച്ച കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾ ഡോക്ടർമാരുടെ ഭാഗത്തുനിന്നും പ്രാഥമികമായി ഉണ്ടാവണം എന്നതാണ് .അതിൽ ഡോക്ടർമാരുടെ സംഘടനയ്ക്ക് നേതൃത്വപരമായ പങ്കുണ്ട്. ഡോക്ടർമാരും സമൂഹത്തിൻ്റെ ഭാഗമാണെന്നും ,തങ്ങൾക്കു സമൂഹത്തിനോടുള്ള ഉത്തരവാദിത്വം അവിതർക്കിതമായ രീതിയിൽ  ബോധ്യപ്പെടുന്ന വിധം പ്രവർത്തിക്കേണ്ടതിൻ്റെയും ചുമതലയിലേക്ക് സംഘടന ഉയരണം. ഡോക്ടർ വന്ദനയുടെ കൊലപാതകത്തിനുശേഷം വേദനയും രോഷവും പൂണ്ട ജൂനിയർ ഡോക്ടർമാരെ ഉപദേശിച്ച് അവരെ സമരത്തിൽ നിന്ന് പിന്മാറ്റി  സമൂഹത്തിനൊപ്പം നിൽക്കാൻ നേതൃത്വം ശ്രദ്ധിച്ചിരുന്നെങ്കിൽ  ഈ അകൽച്ച കുറയ്ക്കുന്നതിൽ ഒരു നാഴികക്കല്ല് തീർക്കാമായിരുന്നു. ഇതിലൂടെ പക്ഷേ വെറും സങ്കുചിത കാഴ്ചപ്പാടും സാമൂഹിക വീക്ഷണവുമില്ലാത്ത നേതൃത്വത്തെയാണ് കാണാൻ കഴിഞ്ഞത്.