Skip to main content
തിരുവനന്തപുരം

വികസന വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. താനാണ് മുഖ്യമന്ത്രിയെങ്കില്‍ ഡി ജി പി ജേക്കബ് തോമസ് ഇതിനകം വീട്ടിലിരിക്കുമായിരുന്നുവെന്നാണ് മഞ്ഞളാംകുഴി അലി ചൊവ്വാഴ്ച നിയമസഭയില്‍ പ്രസ്താവിച്ചത്. ജേക്കബ് തോമസ്സിനെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ , ജേക്കബ് തോമസ് സര്‍ക്കാരിനെയാണ് വേട്ടയാടുന്നതെന്നാരോപിച്ചാണ് മഞ്ഞളാംകുഴി അലി ഈ പ്രസ്താവന നടത്തിയത്.

     ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ്സിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കത്തക്ക വിധം ഗുരുതരമായ അച്ചടക്കലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് മന്ത്രി അലി ചൂണ്ടിക്കാട്ടുന്നത്. ഇത്രയും ഗുരുതരമായ കുറ്റം ചെയ്തിട്ടും നടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി അത് ചെയ്യുന്നില്ലെന്നാണ് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്. അത്രയും അച്ചടക്കലംഘനം ബോധപൂര്‍വ്വം ജേക്കബ് തോമസ് നടത്തിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നടപടിയുമായി മുന്നോട്ടുപോകുന്നില്ല എന്ന ചോദ്യം അതീവ ഗൗരവമുള്ളതാണ്. ജേക്കബ് തോമസ്സിനെതിരെ സംശയത്തിന്റെ ആനുകൂല്യം ന്ല്‍കിയും മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളെ വളച്ചൊടിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പൊതുജനമധ്യത്തില്‍ പ്രത്യക്ഷമായി അവാസ്ഥവമായ വസ്തുതകള്‍ നിരത്തി അദ്ദേഹത്തിനെതിരെ നടപടി ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തതിനു ശേഷമാണ് ജേക്കബ് തോമസ് തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപം അതി ശക്തമായി ആവര്‍ത്തിച്ചതും തുടര്‍ന്ന് ഇപ്പോള്‍ നിയമസഭയില്‍ പരാമര്‍ശമുണ്ടായതും. മന്ത്രി അലിയുടെ നിയമസഭയിലെ പ്രസ്താവന പരോക്ഷമായി തനിക്ക് മുഖ്യമന്ത്രിയുടെ നീതിപൂര്‍വ്വമായ കൃത്യനിര്‍വഹണത്തില്‍ വിശ്വാസമില്ലായ്മയുണ്ടെന്നുള്ള പ്രഖ്യാപനം കൂടിയാണ്. അതായത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമാണ് ഇവിടെ ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.