Skip to main content

ആരോഗ്യ വകുപ്പില്‍ നിന്ന് ഫയലുകള്‍ കാണാതായത് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകളാണ് കാണാതായത്. എപ്പോഴാണ് ഇത് കാണാതായതെന്നോ ഏതൊക്കെ ഫയലുകളാണ് കാണാതായത് എന്നതിലോ വ്യക്തത ആയിട്ടില്ല.

ഫയലുകള്‍ കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് ഫയലുകള്‍ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

സംഭവത്തില്‍ ഇപ്പോള്‍ ധനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഗൗരവതരമായാണ് പരാതിയെ കാണുന്നത്. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ വിപുലമായ അന്വേഷണത്തിന് നീങ്ങുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

500ലേറെ ഫയലുകളാണ് ആരോഗ്യവകുപ്പില്‍ നിന്ന് കാണാതായത്. സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കന്റോണ്‍മെന്റ് പോലീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.