Skip to main content

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഉടന്‍ അന്തിമ തീരുമാനമെടുക്കും.

സ്വര്‍ണകടത്തു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ16നായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് കസ്റ്റംസും, എന്‍ഫോഴ്‌സമെന്റും, വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതിചേര്‍ത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയില്‍വാസം അനുഭവിച്ചു. ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ത്തുവെങ്കിലും കുറ്റപത്രം നല്‍കിയിട്ടില്ല. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. 

പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വര്‍ഷമായി സസ്‌പെന്‍ഷിലുള്ള ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസ്സമാവില്ലെന്നുമാണ് സമിതിയുടെ ശുപാര്‍ശ. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വ്വീസ് കാലാവധി.