Skip to main content

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനും സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാനും കത്തു നല്‍കിയത് ഏതു ചട്ടപ്രകാരമെന്നു മാധ്യമങ്ങളോടു ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഉന്നതവിഭ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. 

വിസി നിയമനത്തിന് ശുപാര്‍ശ നല്‍കി കത്ത് നല്‍കിയ കാര്യം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യുന്നത് ഡിപ്ലോമാറ്റിക് ആയി ശരിയല്ല എന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട കാര്യം ചോദിച്ചപ്പോള്‍ അത് ഗവര്‍ണറോട് ചോദിക്കണമെന്നും മാധ്യമങ്ങളെ ബോധിപ്പിക്കണ്ട കാര്യമില്ലെന്നും പറഞ്ഞ് മന്ത്രി ആര്‍ ബിന്ദു ഒഴിഞ്ഞു മാറുകയാണുണ്ടായത്. 

''ചാന്‍സലറും പ്രോ ചാന്‍സലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തില്‍ ചര്‍ച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട'', മന്ത്രി പറഞ്ഞു.