കോഴിക്കോട് ബാലുശ്ശേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ യൂനിഫോമിനെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴെന്റെ കുഞ്ഞുങ്ങളെ,' എന്നാണ് മന്ത്രി ബാലുശ്ശേരി എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളുടെ ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് പ്രതികരിച്ചത്.
ബാലുശ്ശേരി ഗവണ്മെന്റ് എച്ച്.എസ്.എസില്‍ യൂനിഫോം പാന്റും ഷര്‍ട്ടുമാക്കി മാറ്റിയതിന് പിന്നാലെയാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. യൂനിഫോമിനെതിരെ മുസ്ലിം ലീഗ്, എം.എസ്.എഫ് തുടങ്ങിയവര്‍ രംഗത്തെത്തി.
ഹയര്‍ സെക്കണ്ടറി തലത്തിലേക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പിലാക്കാന്‍ ആദ്യം തീരുമാനിച്ചത് കോഴിക്കോട് ബാലുശ്ശേരി ഗവണ്മെന്റ് സ്കൂളായിരുന്നു. ഗേള്‍സ് സ്കൂളിലെ ഹയര്‍ സെക്കന്‍ഡറിയില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്. പ്ലസ് വണ്‍ ക്ലാസിലെ കുട്ടികള്‍ക്ക് പാന്‍സും ഷര്‍ട്ടും നിശ്ചയിച്ചു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംസ്ഥാനതല പ്രഖ്യാപനം ഈ സ്കൂളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു നടത്താനിരിക്കെയാണ് പ്രതിഷേധവും വിമര്‍ശനവും ഉയരുന്നിരിക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എം.എസ്.എഫും എസ്.എസ്.എഫും രംഗത്തെത്തി. തീരുമാനം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് കെ.എസ്.യുവും വ്യക്തമാക്കി.