Skip to main content

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്തിയതോടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. നിലവില്‍ ഒമ്പത് സ്പില്‍വേ ഷട്ടറുകള്‍ തുറന്നാണ് വെളളം പുറത്തേക്ക് ഒഴുക്കുന്നത്. നാല് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ പെരിയാറില്‍ ജലനിരപ്പ് നാല് അടിയിലേറെ ഉയര്‍ന്നു. പല വീടുകളിലും വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്താണ് കൂടുതലും വീടുകളിലേക്ക് വെള്ളം കയറിയത്. 

മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് വീടുകളിലേക്ക് വെളളം കയറിയതെന്നും വീട്ടുസാധനങ്ങള്‍ മാറ്റുന്നതിനോ ആളുകളെ മാറ്റുന്നതിനോ സമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്.