Skip to main content

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ നടപടിയെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ചില അധ്യാപകര്‍ വാക്സിനെടുക്കാതെ സ്‌കൂളില്‍ വരുന്നുണ്ട്. ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. വാക്സിനെടുക്കാതെ സ്‌കൂളില്‍ വരരുതെന്നാണ് സര്‍ക്കാര്‍ മാര്‍ഗരേഖ. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്നും വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

വാക്സിനെടുക്കാത്ത അധ്യാപകരോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് മന്ത്രി വ്യക്തമാക്കി. വാക്സിനേഷന്‍ ചെയ്യാത്ത അധ്യാപകരെ സ്‌കൂളില്‍ എത്താന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തുടര്‍ നടപടികള്‍ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഷയം ഉന്നതതല സമിതിയെയും ദുരന്ത നിവാരണ സമിതിയെയും അറിയിക്കും. സ്‌കൂളുകളുടെ സമയം നീട്ടുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും നല്ല രീതിയിലാണ് ക്ലാസുകള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.