Skip to main content

മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍-തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. തുടര്‍ന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറേ ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനാണ് സാധ്യത. തുലാവര്‍ഷ സീസണില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്.

കേരളത്തില്‍ നിന്ന് അകന്ന് പോകുന്നതിനാല്‍ കൂടുതല്‍ ഭീഷണിയില്ല. നിലവിലെ മഴയുടെ ശക്തി നാളെയോടെ കുറയാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദം മാറ്റന്നാളോടെ വടക്കന്‍ തമിഴ്‌നാട്-തെക്കന്‍ ആന്ധ്രാ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിപ്പില്ല. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 

അറബിക്കടലിലെ ചക്രവതച്ചുഴിയും, അനുബന്ധ ന്യൂനമര്‍ദ്ദപാതിയുമാണ് നിലവില്‍ മഴ കിട്ടാന്‍ കാരണം. ഈ ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി നാളെയോടെ ഗോവ-മഹാരാഷ്ട്ര തീരത്ത് ന്യൂനമര്‍ദമായി മാറും. ഇതിന്റെ പ്രഭാവത്തില്‍ വടക്കന്‍ കേരളത്തിന് പിന്നീട് മഴ കിട്ടിയേക്കും. ആന്‍ഡമാന്‍ കടലിലെ ന്യൂന മര്‍ദ്ദം വ്യാഴാഴ്ചയോടെ തമിഴ്‌നാട് ആന്ധ്രാ തീരത്ത് പ്രവേശിക്കും. ഇതിന് ശേഷം തെക്കന്‍ കേരളത്തിലും മഴ ശക്തമായേക്കും.