Skip to main content

പ്രളയക്കെടുതിയില്‍ അവസരോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മരം വീണ് ജിവന്‍ അപകടത്തിലായ യുവാവിനെ തോളിലെടുത്ത് ആശുപത്രിയിലെത്തിച്ച ഇന്‍സ്‌പെക്ടര്‍ രാജേശ്വരിക്കാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചത്. ക്യാംപ് ഓഫീസിലെത്തിയ എം.കെ സ്റ്റാലിന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് രാജേശ്വരിയെ അഭിനന്ദിച്ചത്.

നിര്‍ണായക മിനിട്ടുകളുടെ പ്രാധാന്യം മനസിലാക്കിയായിരുന്നു രാജേശ്വരിയുടെ പ്രവര്‍ത്തനമെന്ന് സ്റ്റാലിന്‍ അഭിനന്ദനയോഗത്തില്‍ പറഞ്ഞു. 1992ല്‍ കുംഭകോണത്തുണ്ടായ തിക്കിലും തിരക്കിലും നിരവധിപേര്‍ക്ക് അപകടമുണ്ടായ സമയത്തും രാജേശ്വരി സമാനമായ പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുണ്ടെന്നും അഭിനന്ദന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. രാജേശ്വരിയുടെ പ്രവര്‍ത്തനം തമിഴ്‌നാട് പോലീസിന് ദേശീയ തലത്തില്‍ ശോഭ നല്‍കിയെന്നും സ്റ്റാലിന്‍ വിലയിരുത്തി. ചെന്നൈ കീഴ്പാക്കത്താണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. കീഴ്പാക്കത്തെ ശ്മശാനത്തില്‍ ജോലി ചെയ്യുന്ന ഉദയകുമാര്‍ എന്ന 28കാരനാണ് അപകടത്തില്‍പ്പെട്ടത്.

കനത്ത മഴയില്‍ മരം വീണപ്പോള്‍ ഉദയകുമാര്‍ അടിയില്‍പ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മഴ കനത്തതിനാല്‍ അബോധാവസ്ഥയിലായി. ഇയാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പ്രദേശത്തെത്തിയ ഇന്‍സ്പെക്ടര്‍ രാജേശ്വരിയും സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരത്തിനിടയില്‍ നിന്ന് ഉദയകുമാറിനെ പുറത്തെടുത്തപ്പോള്‍ ഇയാള്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലായി. ഉടന്‍ ഇയാളെ തോളിലേറ്റി രാജേശ്വരി അതുവഴിയെത്തിയ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.