Skip to main content

തിരുവനന്തപുരത്തെ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സഭംവം മുഖ്യമന്ത്രിയും നേരത്തെ അറിഞ്ഞിരുന്നതായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ ശ്രീമതി അനുപമയോട് പറയുന്ന ശബ്ദരേഖയാണ് പുറത്തായത്. അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്നും പി.കെ ശ്രീമതി പറഞ്ഞു.

ദത്ത് വിവാദം മാധ്യമവാര്‍ത്തയാകുന്നതിന് മുമ്പാണ് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് അനുപമ പി.കെ ശ്രീമതിയുടെ സഹായം തേടിയത്. സെപ്തംബര്‍ മാസം നടന്ന ഒരു ഫോണ്‍കോളില്‍ ആണ് ദത്ത് നല്‍കിയെന്ന പരാതി മുഖ്യമന്ത്രിക്കും അറിയാമെന്ന് ശ്രീമതി വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി മാത്രമല്ല, കോടിയേരിയും എ.വിജയരാഘവനും അടക്കം പ്രധാന നേതാക്കളെല്ലാം സംസാരിച്ച് പരാതി സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് എടുക്കാനുള്ള ക്രമീകരണം ചെയ്തെന്നുമാണ് ശ്രീമതി ശബ്ദ രേഖയില്‍ പറയുന്നത്.