Skip to main content

വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വെറ്റിനറി കോളേജിലെ വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘം പരിശോധന നടത്തിയത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളില്‍ വെറസിന്റെ സാന്നിധ്യം കണ്ടെത്തി.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംപിരട്ടല്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന രോഗ ലക്ഷണങ്ങള്‍. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നത്. രോഗബാധിതനായ ഒരാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയാലും അസുഖം പകരും.

കൈകള്‍ ഇടയ്ക്കിടെ കഴുകുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക, കക്കയിറച്ചി പോലുള്ള മത്സ്യങ്ങള്‍ നന്നായി വേവിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതു വഴി രോഗവ്യാപാനം തടയാന്‍ സാധിക്കും. ഒന്ന് മുതല്‍ മൂന്ന് ദിവസം കൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ മാറിയേക്കാം. അസുഖം മാറിയാലും രണ്ട് ദിവസം രോഗ ബാധിതര്‍ പുറത്തു പോകരുത്.