Skip to main content

ഇന്ധനവില വര്‍ധനവിനെതിരെ നടത്തിയ വഴിതടയില്‍ സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒത്തു തീര്‍പ്പിന് സാധ്യത കാണുന്നില്ല. കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. കോടതിയില്‍ ഇതിനുള്ള ഹര്‍ജി താരം സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യ ഹര്‍ജി ഉച്ചക്ക് രണ്ടരയ്ക്ക് കോടതി പരിഗണിക്കും. എറണാകുളം സി.ജെ.എം കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

കാര്‍ തകര്‍ത്തത് അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള എറണാകുളം ഡി.സി.സിയുടെ സമവായ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കേസില്‍ ഹര്‍ജി ചേരാനുള്ള ജോജുവിന്റെ തീരുമാനം വരുന്നത്.

ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തില്‍ ജോജു പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള ഗതാഗതം തടഞ്ഞായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമരം. അതുവഴി യാത്ര ചെയ്യവെയാണ് ജോജു ജോര്‍ജ് സമരത്തിനെതിരെ പ്രതിഷേധം അറിയിച്ചത്. മണിക്കൂറുകളോളം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെതിരെ ജോജു വിമര്‍ശനം അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്തു. താരം മദ്യപിച്ചിട്ടുണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജോജുവിന്റെ വൈദ്യപരിശോധനയില്‍ താരം മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് പോലീസ് ജോജുവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ കൊച്ചി മേയര്‍ ടോണി ചെമ്മണിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്തത്.