Skip to main content

കണ്ണൂര്‍ സിറ്റിയില്‍ പതിനൊന്നുകാരി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ പിതാവും ഉസ്താദും അറസ്റ്റില്‍. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ സത്താര്‍, പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. 

ഫാത്തിമയ്ക്ക് വ്യാജ ചികിത്സ നല്‍കിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പനി ബാധിച്ചപ്പോള്‍ ജപിച്ച് ഊതിയ വെള്ളം നല്‍കിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നല്‍കിയിട്ടുണ്ട്. 

ഞായറാഴ്ചയാണ് കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെ മകള്‍ എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.