Skip to main content

പരീക്ഷാ ഭവനില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ മിന്നല്‍ പരിശോധന. തിരുവനന്തപുരം പൂജപ്പുരയിലെ ഓഫീസില്‍ ഫോണ്‍ ചെയ്താല്‍ ആരും എടുക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി പരിശോധനയ്ക്കെത്തിയത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ എല്ലാ പരീക്ഷകളുടെയും നടത്തിപ്പും ഫലപ്രഖ്യാപനവും നടത്തുന്ന സ്ഥാപനമാണ് പരീക്ഷാ ഭവന്‍. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതുള്‍പ്പടെ പരീക്ഷഭവനാണ് ചെയ്യുക. പരാതികളെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ മന്ത്രി പരീക്ഷഭവനിലേക്ക് വിളിച്ചു. ആരും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് വൈകിട്ട് നാല് മണിയോടെ മന്ത്രി നേരിട്ടെത്തിയത്.

പരീക്ഷാഭവന്‍ സന്ദര്‍ശത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ തത്സമയം മന്ത്രി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പരീക്ഷാ ഭവനില്‍ എത്തി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശിവന്‍ കുട്ടി ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികള്‍ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ ടെലിഫോണ്‍ ലൈനുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിര്‍ദേശവും മന്ത്രി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലും നേരത്തെ മിന്നല്‍ പരിശോധന നടത്തിയിരുന്നു.