Skip to main content

നടന്‍ ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നും, ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. ജോജുവിന്റെ പരാതിയില്‍ പേര് പറഞ്ഞിട്ടുള്ള കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയെ അറസ്റ്റു ചെയ്യുമോ എന്ന ചോദ്യത്തിന്, ആരാണെങ്കിലും, പ്രതിയാണെങ്കില്‍ നടപടിയുണ്ടാകുമെന്നായിരുന്നു കൊച്ചി പോലീസ് കമ്മീഷണര്‍ മറുപടി പറഞ്ഞത്.

ജോജുവിനെതിരായ പരാതിയില്‍ വീണ്ടും പരിശോധന നടത്തുന്നുണ്ട്. അതില്‍ സത്യാവസ്ഥ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കേസെടുക്കും. വനിതാപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോജുവിന്റെ വാഹനം നശിപ്പിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നു തന്നെ അറസ്റ്റുണ്ടായേക്കും. പ്രതിഷേധത്തിനിടെ ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ത്തതില്‍ തെളിവുണ്ട്. ആളുകളുടെ മുഖം കാണാന്‍ സാധിക്കും. ജോജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു, അദ്ദേഹം പറഞ്ഞതുകൊണ്ടു മാത്രമല്ല കേസെടുക്കുന്നത്. തെളിവ് പരിശോധിച്ചാണ് കേസെടുക്കുന്നതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.