Skip to main content

രാഷ്ട്രീയ പ്രേരിതമായിരുന്നു തനിക്കെതിരായ കേസെന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പുറത്തിറങ്ങിയ ബിനീഷ് കോടിയേരി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. കെട്ടിച്ചമച്ച കേസില്‍ രാഷ്ട്രീയമില്ല എന്ന് പറയാനാകില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ഇതിന് പിന്നില്‍ എന്നും സത്യം ജയിക്കുമെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നില്ല ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത്. കേരളത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവര്‍ പറയുന്നത് പോലെ പറയാന്‍ തയ്യാറാകാത്തതാണ് കേസില്‍ പെടുത്താന്‍ കാരണമെന്നും ബിനീഷ് ആരോപിച്ചു. അങ്ങനെ പറയാത്തതുകൊണ്ടാണ് ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നത്. ഗൂഢാലോചന ഉള്‍പ്പടെ മുഴുവന്‍ കാര്യങ്ങളും കേരളത്തില്‍ എത്തിയ ശേഷം വിശദീകരിക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. 

ലഹരി ഇടപാട് സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കര്‍ണാടക ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയുടെ 2 ആള്‍ജാമ്യത്തിനു പുറമേ, അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലും വിചാരണക്കോടതിയിലും കൃത്യമായി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു ഉപാധികള്‍. ആദ്യം എത്തിയ ജാമ്യക്കാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ജയില്‍ മോചനം ഒരു ദിവസം വൈകിയത്.