Skip to main content

ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ്  അലര്‍ട്ട് പിന്‍വലിച്ചു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇതുവരെ ഡാമില്‍ എത്തിയില്ലെന്നും, വന്നാലും ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 

രണ്ട് ദിവസമായി മഴയും നീരൊഴുക്കും കുറവാണ്. മുല്ലപ്പെരിയാറിലെ ജലം ഇതുവരെ ഡാമിലേക്ക് എത്തിയില്ല. രാത്രിയോടെ ജലം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് വന്നാലും ഡാം തുറക്കേണ്ട സാഹചര്യം ഇല്ല. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.  

ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേകള്‍ തുറന്നത്. 3,4 സ്പില്‍വേ ഷട്ടറുകള്‍ ആണ് 30 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയത്. സെക്കന്റില്‍ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്. 2335 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.