Skip to main content

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്, പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണ്, അതിനാല്‍ പുതിയ ഡാം വേണം. ജല തര്‍ക്കങ്ങളില്‍ കോടതികളാണ് ശാശ്വത പരിഹാരമുണ്ടാക്കേണ്ടത്. പരിഹാരം കണ്ടെത്താന്‍ കോടതി ഇടപെടണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് മഴ കനത്തതോടെ തമിഴ്നാട് കൊണ്ടു പോകുന്നതിനേക്കാള്‍ നാല് ഇരട്ടിയോളം വെള്ളമാണ് ഒഴുകിയെത്തിയത്. 142 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാകുമ്പോള്‍ രണ്ടാം മുന്നറിയിപ്പ് സന്ദേശം നല്‍കണം. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഉന്നതതല അടിയന്തര യോഗം ഇന്ന് ചേരുന്നുണ്ട്. തമിഴ്നാട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.