Skip to main content

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട രണ്ട് പൊതുതാത്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാത്പര്യ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. ജസ്റ്റിസ് എ.എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. തമിഴ്നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. 2018 ലെ സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. സാഹചര്യം അതീവ ഗുരുതരമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുക.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടി കടന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ മഴക്കാലം തുടക്കം മുതല്‍ ചെയ്തു വരുന്നു ചീഫ് സെക്രട്ടറി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് 16.10.2021 തീയതി മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും തമിഴ്നാടുമായി ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ തലത്തിലും ആവശ്യമായ നടപടികള്‍ കൈക്കൊളളുന്നതിനായി നിരന്തരം ആശയവിനിമയം നടത്തി വരുന്നു. കൂടാതെ ചീഫ് സെക്രട്ടറി തലത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്‍മാന്‍, തമിഴ്നാട് ചീഫ് സെക്രട്ടറി എന്നിവരോടും മേല്‍ വിഷയത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തിരമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ട്.