Skip to main content

മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം ആക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പൊന്നാനിയില്‍ റോഡ് ഉപരോധിച്ചു. തൃശ്ശൂര്‍-കോഴിക്കോട് തീരദേശ റോഡിലായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യത്തൊഴിലാളികളായ മുഹമ്മദാലി, ഇബ്രാഹിം, ബീരന്‍ എന്നിവരെ വ്യാഴാഴ്ച്ചയാണ് കടലില്‍ കാണാതായത്. അന്നുമുതല്‍ മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും തെരച്ചില്‍ തുടരുകയാണെങ്കിലും കണ്ടെത്താനായില്ല. 

നാല് ദിവസമായിട്ടും തെരച്ചിലിനായി മതിയായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്. കോസ്റ്റ് ഗാര്‍ഡും നേവിയും ഹെലികോപ്ടറും കപ്പലും ഉപയോഗിച്ച് സംയുക്ത തെരച്ചില്‍ നടത്തുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ അറിയിച്ചു. അന്വേഷണം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിച്ചത്.