Skip to main content

നടന്‍ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയില്‍ നിറഞ്ഞ വേണു കാരക്ടര്‍ റോളുകളും തമാശ വേഷങ്ങളും ഉള്‍പ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ച നടനാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരം 2 വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്.  ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്ത ശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്.

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍  നെടുമുടി വേണുവിന്റെ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറാന്‍ വേണുവിന് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.

ചാമരം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പലിത്രന്‍, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, സൈറ, മാര്‍ഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇന്ത്യന്‍, അന്യന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ടി.ആര്‍ സുശീലയാണ് ഭാര്യ. മക്കള്‍; കണ്ണന്‍, ഉണ്ണി.