Skip to main content

വ്യക്തിബന്ധത്തിന്റെ പേരിലാണ് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കടയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് സന്ദീപ് നായര്‍. വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്നും സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ലെന്നും സന്ദീപ് പറയുന്നു. താന്‍ സ്വര്‍ണം കടത്തിയോ ഇല്ലയോ എന്ന കാര്യം ഇനി കോടതിയാണ് പറയേണ്ടതെന്നും സന്ദീപ് നായര്‍ പറഞ്ഞു.

സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ലെന്ന് പറഞ്ഞ സന്ദീപ്, നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളില്‍ അറിയാമെന്ന് പ്രതികരിച്ചു. തന്റെ വീട്ടില്‍ നിന്നും എടുത്ത സാധനങ്ങള്‍ സ്വര്‍ണ്ണം കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയില്‍ തെളിയിക്കട്ടെയെന്നാണ് നിലപാട്. സ്വപ്ന സുരേഷിനെ പരിചയപ്പെട്ടത് സരിത് വഴിയാണ്. കോണ്‍സുലേറ്റിന്റെ ചില കോണ്‍ട്രാക്ട് ജോലികളും ചെയ്തിരുന്നു. 2003ല്‍ സ്വണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് റമീസിനെ പരിചയപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു

സ്വപ്നയുമൊത്താണ് ശിവശങ്കറിനെ കണ്ടെതന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നേരിട്ടറിയില്ലെന്നും സന്ദീപ് പറഞ്ഞു. യൂണിടാക്കിനെ കോണ്‍സുല്‍ ജനറിലിനെ പരിചയപ്പെടുത്തിയെന്നും ഇയാള്‍ പറഞ്ഞു.

കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായര്‍ എന്‍.ഐ.എ കേസില്‍ മാപ്പുസാക്ഷിയാണ്. യു.എ.ഇ കോണ്‍സല്‍ ജനറലും അറ്റാഷെയും കളളക്കടത്തിന്റെ രാജ്യാന്തര സൂത്രധാരന്‍മാരെന്നാണ് സന്ദീപ് നായര്‍ തന്നെ എന്‍.ഐ.എ കോടതിയില്‍ പറഞ്ഞത്. 

സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.