Skip to main content

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്കെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതി ലഭ്യത കുറഞ്ഞെന്നും ഈ നില തുടര്‍ന്നാണ് പവര്‍ക്കട്ട് വേണ്ടി വരുമെന്നുമാണ് മന്ത്രി അറിയിച്ചത്. ജനങ്ങള്‍ വൈദ്യുതി പാഴാക്കാതെ സൂക്ഷിച്ചുപയോഗിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. രാജ്യത്ത് രണ്ട് ദിവസത്തേക്കുകൂടിയുള്ള കല്‍ക്കരി മാത്രമാണ് ബാക്കിയുള്ളതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഉത്തരേന്ത്യയിലെ പലയിടങ്ങളിലും പവര്‍ക്കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പവര്‍ക്കട്ട് പ്രഖ്യാപിച്ചത്. പഞ്ചാബില്‍ റൊട്ടേഷണല്‍ ലോഡ് ഷെഡിംഗ് ആണ് പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ രണ്ട് മണിക്കൂര്‍ ആണ് പവര്‍ക്കട്ട് ദൈര്‍ഘ്യം.

രാജ്യത്തെ മൊത്ത വൈദ്യുതോത്പാദനത്തിന്റെ 70 ശതമാനത്തോളം ഉത്പ്പാദിപ്പിക്കുന്നത് കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളാണ്. കല്‍ക്കരിയുടെ വില രാജ്യാന്തര വിപണിയില്‍ ഗണ്യമായി ഉയര്‍ന്നത് ഇറക്കുമതിയെയും ബാധിച്ചിട്ടുണ്ട്. ഇതോടെ പലയിടങ്ങളിലും വൈദ്യുതി നിരക്കുകളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഊര്‍ജ ഉത്പ്പാദനം ഗണ്യമായി ഉയര്‍ന്നതിനോടൊപ്പം കനത്ത മഴയില്‍ പല ഖനികളിലും വെള്ളം മൂടിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പലയിടങ്ങളിലും പ്രധാനപ്പെട്ട ഗതാഗത പാതകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായി. പകുതിയിലധികം താപനിലയങ്ങളും അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് സാധ്യത. ഈ രീതിയില്‍ പ്രതിസന്ധി തുടര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെത്തന്നെ അവ കാര്യമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.