Skip to main content

മന്ത്രി ശിവന്‍കുട്ടിയെ പ്രതീകാത്മകമായി സംസ്ഥാനങ്ങളുടെ എണ്ണം പഠിപ്പിക്കാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും എണ്ണം തെറ്റിച്ചു. സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് യുവമോര്‍ച്ചക്കാര്‍ എണ്ണം തെറ്റിച്ചത്. രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പഠിപ്പിച്ചത്. കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയ ജമ്മു ആന്‍ഡ് കശ്മീര്‍ കൂടി സംസ്ഥാനമാക്കി ഉള്‍പ്പെടുത്തിയായിരുന്നു യുവമോര്‍ച്ചയുടെ ക്ലാസെടുക്കല്‍. അതിനായി ഉപയോഗിച്ചത് പഴയ ഭൂപടവുമായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുട നേതൃത്വത്തിലാണ് പ്രതീകാത്മക പഠനം നടന്നത്. എന്നാല്‍ തെറ്റ് സംഭവിച്ചത് ആരും കണ്ടെത്തിയുമില്ല.

സ്‌കൂള്‍ മാര്‍ഗരേഖ പുറത്തിറക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രി സംസ്ഥാനങ്ങളുടെ എണ്ണം 35 എന്ന് പറഞ്ഞത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരോട് ചോദിച്ച് മന്ത്രി അത് തിരുത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് മന്ത്രിക്ക് പ്രതീകാത്മകമായി ക്ലാസെടുക്കാന്‍ യുവമോര്‍ച്ചയെത്തിയത്.

35 സംസ്ഥാനങ്ങള്‍ എന്നു പറഞ്ഞത് നാക്കുപിഴയായിരുന്നെന്ന വിശദീകരണവുമായി മന്ത്രി പിന്നീട് രംഗത്തെത്തിയിരുന്നു. ആക്ഷേപിച്ച് രസം കണ്ടെത്തുന്നവര്‍ അത് തുടരുമെന്നും മറുപടി പറയാന്‍ ഇല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.