Skip to main content

ഒന്നര വര്‍ഷമായി കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമമാണ് ഇടമലക്കുടി. ഇടമലക്കുടിയിലേക്ക് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് വ്‌ളോഗര്‍ സുജിത് ഭക്തനൊപ്പം നടത്തിയ യാത്രയും ട്രാവല്‍ വ്ളോഗും വിവാദത്തില്‍. കൊവിഡ് മാനദണ്ഡം പാലിക്കാതെ ഇടമലക്കുടി പോലെ അതീവ പ്രാധാന്യമുള്ള പ്രദേശത്തേക്ക് എം.പി ഉല്ലാസയാത്ര നടത്തിയെന്ന് സി.പി.ഐ ആരോപിക്കുന്നു. ഇടുക്കി എം.പിക്കും വ്ലോഗര്‍ സുജിത് ഭക്തനും എതിരെ നടപടി ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പോലീസിലും പരാതി നല്‍കി. മാസ്‌ക് ധരിക്കാതെ എം.പി ഡീന്‍ കുര്യാക്കോസും സംഘവും സുജിത് ഭക്തനൊപ്പം ഇടമലക്കുടിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആദിവാസി ഗ്രാമത്തിലേക്ക് പരിശോധന നടത്താതെയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും എം.പി യാത്ര നടത്തിയതില്‍ അന്വേഷണം വേണമെന്ന് സി.പി.ഐ പ്രാദേശിക നേതൃത്വവും ആവശ്യപ്പെട്ടു. എം.പിക്കൊപ്പം ഉല്ലാസയാത്രയെന്നാണ് സുജിത് ഭക്തന്‍ ടെക് ട്രാവല്‍ ഈറ്റ് എന്ന വ്ളോഗില്‍ ആദ്യം തലക്കെട്ട് നല്‍കിയതെന്നും വിവാദമായതോടെ തലക്കെട്ട് മാറ്റിയെന്നും ഇവര്‍ ആരോപിക്കുന്നു.

ഇടമലക്കുടി പഞ്ചായത്തില്‍ കൊവിഡ് പടരാതിരിക്കാന്‍ ഒന്നര മാസത്തേക്ക് നിരോധനാജ്ഞ തന്നെ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ ഒരു സ്ഥലത്തേക്കാണ് വ്ളോഗര്‍ക്കൊപ്പം എം.പി സന്ദര്‍ശനം നടത്തിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചും മാസ്‌ക് ധരിക്കാതെയുമാണ് ഇവരെല്ലാം എത്തിയത്. ഈ വ്ളോഗര്‍ നിരോധിത മേഖലയായ നേര്യമംഗലത്ത് പ്രവേശിച്ചതിന് കേസ് എടുക്കപ്പെട്ട ആളാണ്. വ്ളോഗറുടെ പേരിലും എം.പിയുടെ പേരിലും കേസെടുക്കണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

മുമ്പ് എറണാകുളം ജില്ലയിലെ നേര്യമംഗലം റേഞ്ചിലും പൂയംകുട്ടി റേഞ്ചിലും അനുവാദം വാങ്ങാതെ വീഡിയോ ചിത്രീകരണം നടത്തിയതിന് സുജിത് ഭക്തനെതിരെ കേസെടുത്തിരുന്നു. ഇഞ്ചത്തോട് വനമേഖല, പൂയംകുട്ടി വനമേഖലയിലെ സംരക്ഷിത മേഖല എന്നിവിടങ്ങളില്‍ സാഹസിക യാത്ര നടത്തുന്നത് വീഡിയോയില്‍ ചിത്രീകരിച്ചതാണ് വിവാദമായത്.