Skip to main content

സ്ത്രീധന പീഡന വിഷയങ്ങള്‍ പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സുരേഷ്ഗോപി എം.പി. സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കണമെന്നും എല്ലാ കാര്യങ്ങളും പോലീസിന് വിട്ടുകൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിസ്മയയുടേത് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പെണ്മക്കളുള്ള കുടുംബങ്ങള്‍ വലിയ ആശങ്കയിലാകും. ഇത് ആവര്‍ത്തിക്കരുതെന്ന് പറയുന്നത് മാത്രം മതിയാകില്ല. സാമൂഹ്യനീതി വകുപ്പ് മുന്‍കൈയെടുത്ത് ഇത് തടയാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞ ചില ആശയങ്ങള്‍ നല്ലതാണെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.