Skip to main content

സ്ത്രീധനത്തിനെതിരെ എറണാകുളം കളമശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ നടന്‍ സലീം കുമാറും. സ്ത്രീധനത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പൊലിയരുത് എന്ന് സന്ദേശവുമായി ഡി.വൈ.എഫ്.ഐ നടത്തിയ സംസ്ഥാന ജാഗ്രതാ സദസ്സിലാണ് സലിം കുമാറും പങ്കെടുത്തത്. കളമശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ആണ്‍കുട്ടികളുള്ള അച്ഛന്മാരൊക്കെ മനസില്‍ സ്ത്രീധനം വാങ്ങാന്‍ തുലാസുമായാണ് ജീവിക്കുന്നതെന്നും തന്റെ വീട്ടില്‍ വാങ്ങിവെച്ച ത്രാസ് ഡി.വൈ.എഫ്.ഐയെ ഏല്‍പ്പിക്കുകയാണെന്നും പരിപാടിയില്‍ സലിം കുമാര്‍ പറഞ്ഞു.

സലിം കുമാര്‍ പറഞ്ഞത്;

''ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു സംഭവമായി മാറികൊണ്ടിരിക്കുകയാണ് സ്ത്രീധനം മൂലമുള്ള ഗാര്‍ഹിക പീഡനങ്ങളും മരണങ്ങളും. ഓരോ പെണ്‍കുട്ടിയും മരിച്ചു വീഴുമ്പോള്‍ ഇങ്ങനെ ചര്‍ച്ചകളും പ്രതിഷേധങ്ങളുമെല്ലാം ഉണ്ടാകും. കുറച്ചു ദിവസം കഴിയുമ്പോള്‍ ഇതെല്ലാം മറന്നു പോകുകയും ചെയ്യുന്നു. പ്രതിഷേധത്തെ നിലനിര്‍ത്താന്‍ സംഘടിതമായി പരിശ്രമിക്കണം.

വളരെ അഭിമാനത്തോടെയാണ് ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. പറവൂരില്‍ നിന്ന് കളമശ്ശേരിയിലേക്കുള്ള യാത്രയില്‍ വലിയ പ്രതീക്ഷയുണ്ട്. കാരണം ഡി.വൈ.എഫ്.ഐ എന്ന പ്രസ്ഥാനം ഈ ഉദ്യമം ഏറ്റെടുത്ത് അത് നടപ്പിലാക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ എത്തിച്ചേരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ അമ്പത് ശതമാനവും സ്ത്രീധനം മൂലമുള്ള പീഡനമാണെന്ന് മനസിലാക്കുമ്പോഴാണ് എത്ര ഭീകരമാണ് സ്ത്രീധനമെന്നത് തിരിച്ചറിയാനാകുക. എനിക്ക് പറയാനുള്ളത് ഇതിന് വാക്സിനേഷന്‍ വേണമെന്നാണ്. പാരമ്പര്യമായി ഇവിടെ നിലനില്‍ക്കുന്ന ഈ അനാചാരത്തിനെതിരെ നമുക്കാര്‍ക്കും വാക്സിനേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ കാഴ്ചപ്പാടുകള്‍ മാറാനുണ്ട്.

ഡി.വൈ.എഫ്.ഐ പോലൊരു പ്രസ്ഥാനം ഇത് ഏറ്റെടുക്കുമ്പോള്‍ ഇത് മാറുമെന്ന് പ്രതീക്ഷയുണ്ട്. ഡി.വൈ.എഫ്.ഐ ഇവിടെ കേരളത്തിന്റെ വടക്കേ അറ്റംമുതല്‍ തെക്കേ അറ്റം വരെ ചങ്ങലപിടിച്ച് അത്ഭുതം സൃഷ്ടിച്ചവരാണ്. അതിനുശേഷം മതിലുകെട്ടി അത്ഭുതം സൃഷ്ടിച്ചവരാണ്, ഇനി പൊളിക്കേണ്ടത് കുറച്ചു മതിലുകളാണ്. ഇവിടെ പാരമ്പര്യമായി കെട്ടിപ്പൊക്കിയ കുറേ മതിലുകള്‍ കൂടി പൊളിച്ചു കളയേണ്ടതുണ്ട്.

കേരളത്തിലെ 80 ലക്ഷം വീടുകളിലും കയറി വരുന്ന പെണ്‍കുട്ടിയുടെ സ്വര്‍ണ്ണം തൂക്കി വാങ്ങിക്കാനുള്ള ത്രാസ് സൂക്ഷിച്ചിട്ടുണ്ട്. ആ ത്രാസ് ആര്‍ക്കും കൊടുക്കില്ല അവര്‍. ആ ത്രാസ് പിടിച്ചു വാങ്ങിക്കുകയാണ് വേണ്ടത്. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടില്‍ ഞാന്‍ വാങ്ങിവെച്ച ത്രാസ് ഇവിടെ ഡി.വൈ.എഫ്.ഐയെ ഏല്‍പ്പിക്കുകയാണ്,'' സലിം കുമാര്‍ പറഞ്ഞു.