Skip to main content

ഒറ്റ ചവിട്ടിനു പിണറായിയെ താഴെയിട്ട വീരസ്യവുമായി കെ.സുധാകരന്‍. തൊഴിക്കഥ തള്ളി, കൈക്രിയയിലൂടെ സുധാകരനെ നിലം പരിശാക്കുകയായിരുന്നു താനെന്ന് പിണറായി. കൊടുവാളുമെടുത്ത് കുത്തും വെട്ടുമായി നടന്ന കൊടും കുറ്റവാളിയായിരുന്നു പിണറായിയെന്ന് സുധാകരന്റെ മറുമൊഴി. ക്വട്ടേഷന്‍ പണി ചെയ്ത സുധാകരനെപ്പറ്റി തല്‍ക്കാലം കൂടുതല്‍ പറയുന്നില്ലെന്ന് അര്‍ദ്ധവിരാമത്തില്‍ പിണറായിയുടെ തിരിച്ചടി.

കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ പുതുതായി ചുമതലയേറ്റ പരമാധ്യക്ഷനും തമ്മിലുള്ള ഈ വിഴുപ്പലക്കലില്‍ നാറിയത് ഇവര്‍ മാത്രമല്ല. കലാലയങ്ങള്‍ക്കിടയില്‍ തലപ്പൊക്കവുമായി നിന്ന ഉത്തര മലബാറിലെ ബ്രണ്ണന്‍ കോളേജു കൂടിയാണ്. ബ്രണ്ണന്‍ കോളേജ് എന്നു കേള്‍ക്കുന്നത് പോലും ഒരു അശ്ലീല വാക്ക് എന്നു തോന്നിപ്പിക്കും വിധമായിരുന്നുവല്ലോ അവിടുത്തെ ഈ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വാഗ്വിലാസം.

ബ്രണ്ണന്‍ കോളേജില്‍ ഇവരുടെ പഠന കാലത്ത് മെയ്ന്‍ അക്രമവും പഠനം സബ്‌സിഡിയറിയുമെന്നേ തോന്നു പൂര്‍വ്വകാല കഥകള്‍ കേട്ടാല്‍. എല്ലാ ദിവസവും അടി. അതില്‍ കേമന്‍ താന്‍ എന്ന മട്ടിലാണ് ഇരുവരും പഴയ കാല അക്രമ ഓര്‍മ്മകള്‍ അയവിറക്കിയത്. ഇതിലൂടെ കണ്ണൂരിന് പുറത്തുള്ളവരുടെ മുമ്പില്‍ പിണറായിയുടെയും സുധാകരന്റെയും മുഖം മൂടി അഴിഞ്ഞു വീണു എന്നതാണ് ആകെ കൂടിയുള്ള നല്ല കാര്യം. ഈ രണ്ടു നേതാക്കളുടെയും തനിനിറം കണ്ണൂരുകാര്‍ എത്ര കാലമായി കാണുന്നു. കണ്ണൂരിന് പുറത്ത് ഇവരുടെ തനിസ്വഭാവമെന്തെന്ന് സാധാരണക്കാര്‍ക്ക് അത്ര നിശ്ചയമില്ലായിരുന്നു. ഇപ്പോള്‍ അവരുമറിഞ്ഞു.

സുധാകരന്‍ ഓഫ് ദി റെക്കോഡായി ഒരു മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞ കാര്യം മാധ്യമധര്‍മ്മം നോക്കാതെ അയാള്‍ പ്രസിദ്ധീകരിച്ചിടത്തു നിന്നാണല്ലോ വിവാദത്തിന്റെ തുടക്കം. പല കാര്യം പറഞ്ഞ കൂട്ടത്തില്‍, പത്രത്തില്‍ കൊടുക്കാനല്ല എന്ന മുഖവുരയോടെ, താന്‍ പിണറായിയെ തൊഴിച്ചു വീഴ്ത്തിയെന്ന് സുധാകരന്‍ പറഞ്ഞതായിട്ടാണല്ലോ പുറത്തു വന്ന വിവരം. കഥക്ക് എരിവുണ്ടാക്കാനായിരിക്കാം കൊടുക്കരുതെന്ന് പറഞ്ഞ ഭാഗത്തിനാണ് പത്ര ലേഖകന്‍ ഊന്നല്‍ നല്‍കിയത്. കണ്ടപാടെ പിണറായിയുടെ മനസ്സിലെ ബ്രണ്ണന്‍ വിദ്യാര്‍ത്ഥി സട കുടഞ്ഞെഴുന്നേറ്റു. മുഖ്യമന്ത്രിയാണെന്നതങ്ങു മറന്നു. പഴയ കാലത്തേക്ക് മനസ് ഊളിയിട്ടു. വിദ്യാര്‍ത്ഥികാല വീരസ്യങ്ങള്‍ കടലാസില്‍ കുറിച്ചു കൊണ്ടാണ് പിറ്റേന്ന് പത്രക്കാരുടെ മുമ്പില്‍ എത്തിയത്. ഒരു ലേഖകന്‍ സുധാകരന്റെ കാര്യം യാദൃശ്ചികമെന്നോണം ചോദിക്കുന്നു. പിണറായി കടലാസ് നിവര്‍ത്തി വിശദമായി പഴയ കാല അടി പിടിക്കാലം വിവരിക്കുന്നു. ഞാനാരാ മോന്‍ എന്ന മട്ടില്‍ ടി.വി. ക്യാമറകള്‍ക്ക് മുമ്പില്‍ ഞെളിഞ്ഞിരിക്കുന്നു.

ഇരട്ടി വീര്യവുമായി ഇതിനെല്ലാം ആരെടാ - ഞാനെട മറുപടികളുമായി സുധാകരനും. പറഞ്ഞു പറഞ്ഞ് മുഖ്യമന്ത്രി കൊലക്കേസ് പ്രതിയായിരുന്നതിന്റെ എഫ്.ഐ.ആര്‍. വരെ പ്രദര്‍ശിപ്പിച്ചു. വേണമെങ്കില്‍ ഇനിയുമുണ്ട് എന്ന മുന്നറിയിപ്പും. സാംസ്‌കാരിക കേരളത്തിന് താങ്ങാനാവുന്നതായിരുന്നില്ല ഇരു നേതാക്കളുടേയും മല്ലയുദ്ധം. എന്തായാലും അവസാനിപ്പിച്ചു എന്നു പിണറായിയും പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും പ്രഖ്യാപിച്ച സ്ഥിതിക്ക് തല്‍ക്കാലത്തേക്കെങ്കിലും ആശ്വസിക്കാന്‍ വക കാണുന്നുണ്ട്. സുധാകരനും അടങ്ങുമായിരിക്കും.

ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും പഞ്ചപുഛമടക്കി നിന്ന സാംസ്‌ക്കാരിക കേരളത്തിലെ സാംസ്‌കാരിക തൊഴിലാളികള്‍ക്ക് ഒരു ബിഗ് സല്യൂട്ട്. മുഖ്യന്റെയും പ്രതിപക്ഷ കക്ഷി നേതാവിന്റെയും മപ്പടിയും വായ്ത്താരികളും കര്‍ണ്ണാനന്ദകരവും നയനാനന്ദകരവുമായി അവര്‍ അനുഭവിച്ചുവല്ലോ. കൊവിഡ് ദുരിതങ്ങളും കൊവിഡ് മരണങ്ങളും കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിപ്പിച്ചു നിര്‍ത്തിയിരിക്കെയാണ് കേരളം ബ്രണ്ണന്‍ കഥകള്‍ വിഴുങ്ങാന്‍ വിധിക്കപ്പെട്ടതെന്നുമോര്‍ക്കാം. ഇത് നമ്മുടെ വിധി!