Skip to main content

സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട്  കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓണ്‍ലൈന്‍ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാണ്. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കുന്നതിനും ഇനിയങ്ങോട്ട് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഇത്തരം പരാതികള്‍ ഉള്ളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാം. 9497996992 എന്ന മൊബൈല്‍ നമ്പര്‍ ജൂണ്‍ 23 മുതല്‍ നിലവില്‍ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതി നല്‍കാം. ഇതിനായി 9497900999, 9497900286 എന്നീ നമ്പറുകള്‍ ഉപയോഗിക്കാം. 

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പോലീസ് മേധാവി ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുമുള്ള വനിതകള്‍ നല്‍കുന്ന പരാതികളിലും പ്രഥമ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.