സംസ്ഥാനത്ത് മരം കൊള്ള നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഇന്ധന വില വര്‍ധനയ്ക്കെതിരായ ഡി.വൈ.എഫ്.ഐയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ബി.ജെ.പി പ്രവര്‍ത്തക. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്ക്കെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിലാണ് വനിതാ പ്രവര്‍ത്തകയ്ക്ക് അബദ്ധം പറ്റിയത്. പൊറുതി മുട്ടിയാല്‍ ഏത് മിത്രവും പ്രതിഷേധിച്ചു പോകുമെന്നാണ് സംഭവത്തെ കുറിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പരിഹസിച്ചിരിക്കുന്നത്.
വനം കൊള്ളക്കാരെ അറസ്റ്റ് ചെയ്യൂ എന്ന വാചകമായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പിടിച്ച പ്ലക്കാഡുകളില്‍. ''പെട്രോള്‍ വില സെഞ്ചുറിയടിച്ചു: പ്രതിഷേധിക്കുക - ഡി.വൈ.എഫ്.ഐ'' എന്നായിരുന്നു ഒരു പ്രവര്‍ത്തക പിടിച്ചിരുന്ന പ്ലക്കാര്‍ഡിലെ വാചകം. മാധ്യമങ്ങള്‍ ഈ ദൃശ്യം പകര്ത്തുന്നത്ത് കണ്ടപ്പോഴാണ് നേതാക്കള്‍ അബദ്ധം തിരിച്ചറിഞ്ഞത്.
ഉടന്‍ പ്ലക്കാര്‍ഡ് മാറ്റി വനം കൊള്ളയ്ക്കെതിരായ പ്ലാക്കാര്ഡ് പ്രവര്‍ത്തകയ്ക്കു കൈമാറി. എന്നാല്‍ സംഭവം ആറ്റിങ്ങലിലെ പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയിലും ഉടന്‍ തന്നെ വൈറല്‍ ആയി. എന്നാല്‍ ഇങ്ങനെയൊരു അബന്ധം എങ്ങനെ സംഭവിച്ചു എന്ന പരിശോധനയിലാണ് ബിജെപി നേതൃത്വം.