ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് ഇന്ന് മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര് നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്കിയാല് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.
സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കി.
ജൂണ്‍ 17 മുതലുള്ള ഇളവുകള്‍;
കോവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് മെയ് 8ന് ആരംഭിച്ച ലോക്ക്ഡൌണ്‍ ജൂണ്‍ 17 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 7 ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കില്‍ 'കുറഞ്ഞ വ്യാപനമുള്ളത്' എന്നാണ് കണക്കാക്കുക. 8 മുതല്‍ ഇരുപതുവരെ ശതമാനമാണെങ്കില്‍ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണെങ്കില്‍ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മുപ്പതുശതമാനത്തിലും കൂടിയാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തനം അനുവദിക്കും.
ജൂണ്‍ 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്മെന്റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയില്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചു എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കും. ഗവണ്മെന്റ് സെക്രട്ടേറിയറ്റില്‍ നിലവില്‍ ഉള്ളത് പോലെ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കര്‍ പ്രവര്‍ത്തിക്കണം.
എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്താകെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും.
ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും. ജൂണ്‍ 17 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം തുടരുന്നതാണ്.
വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആള്‍ക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല.
എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്പോര്‍ട്സ് സെലക്ഷന് ട്രയല്‍സ് ഉള്‍പ്പെടെ).
റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.
വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല (മാളുകള്‍ ഉള്‍പ്പെടെ)
എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങള്‍ പരസ്യപ്പെടുത്തും.
കോവിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യവകുപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പരിശോധനയ്ക്ക് ടാര്‍ജറ്റ് നല്‍കും.
ഓരോ വീട്ടിലും ആദ്യം ടെസ്റ്റ് പോസിറ്റീവ് ആകുന്ന വ്യക്തി കഴിയുന്നതും സിഎഫ്എല്‍ടിസി- ഡിസിസിയില്‍ ക്വാറന്റീന് ചെയ്യേണ്ടതാണ്. വീടുകളില്‍ വേണ്ടത്ര സൗകര്യമുള്ളവര്‍ (ഉപകരണങ്ങള്‍ ഉള്‍പ്പെടെ) മാത്രമേ വീടുകളില്‍ കഴിയാന്‍ അനുവദിക്കൂ.
പരസ്പര സമ്പര്‍ക്കമില്ലാത്ത തരത്തിലുള്ള ഔട്ട് ഡോര്‍ സ്പോര്‍ട്സ് അനുവദിക്കും.
ബെവ്കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ആപ്പ് മുഖാന്തരം സ്ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവര്‍ത്തനം.
ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളില്‍ ഉള്ള അതിവ്യാപന പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആര് നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണും ടി.പി.ആര് നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആര് നിരക്ക് 8ല്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.