Skip to main content

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചതായി സന്യാസിനി സഭയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍. ഇപ്പോള്‍ താമസിക്കുന്ന മഠത്തില്‍ നിന്ന് ഒരാഴ്ചക്കുളളില്‍ പുറത്തുപോകണമെന്ന് സൂപ്പീരിയര്‍ ജനറള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഭാ കോടതിയുടെ ഉത്തരവ് വന്നതായി തനിക്കറിയില്ലെന്നും മഠംവിട്ട് പോകില്ലെന്നും  സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു. ലൂസി കളപ്പുര നിലവില്‍ സന്യാസിനി സഭയില്‍ അംഗമല്ലെന്നും ഉടനടി പുറത്തുപോയില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നുമാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ നിലപാട്.

സഭാ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും സന്യാസിനി സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് അനുസരിച്ച് പോകില്ലെന്നും ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ നേരത്തെ പുറത്താക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വത്തിക്കാനിലെ കോടതിയെ സിസ്റ്റര്‍ ലൂസി കളപ്പുര സമീപിച്ചത്. തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജി നിലവില്‍ മാനന്തവാടി കോടതിയുടെ പരിഗണനയിലുണ്ട്. 

2019 ആഗസ്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ എഫ്.സി.സി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ടി.വി ചാനലില്‍ അഭിമുഖം നല്‍കിയതിനും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സിസ്റ്റര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു.