Skip to main content

കൊച്ചി ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. യുവതിക്ക് ക്രൂര പീഡനം ഏറ്റെന്നു മനസിലായത് ചാനലുകളില്‍ വാര്‍ത്ത വന്നതിന് ശേഷം മാത്രമാണ്. അതുകൊണ്ടാണ് പ്രതിയെ പിടികൂടാന്‍ വൈകിയത്. എങ്കിലും കേസ് എടുത്ത ഉടനെ പ്രതിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പരാതി ലഭിച്ചിട്ടും നടപടി എടുക്കാന്‍ വൈകിയോ എന്ന കാര്യം പരിശോധിക്കും എന്നും കമ്മീഷണര്‍ പറഞ്ഞു. 

ജില്ലയിലെ വീടുകളില്‍ ഇത്തരത്തില്‍ പീഡനങ്ങള്‍ നടക്കുന്നുണ്ടോ എന്നു റസിഡന്റ്സ് അസോസിയേഷന്റെ സഹായത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാര്‍ട്ടിന്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെങ്കിലും ഇയാളുടെ ജോലിയെക്കുറിച്ച് വ്യക്തതയില്ലെന്നാണ് വിവരം. പ്രതിയുടെ ജീവിത സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. എറണാകുളത്ത് ബിസിനസാണെന്നാണ് മാര്‍ട്ടിന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. യുവതിയില്‍ നിന്ന് പ്രതി അഞ്ചു ലക്ഷം രൂപയും വാങ്ങിയിട്ടുണ്ട്. മാര്‍ട്ടിന്‍ ജോസഫിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

കണ്ണൂര്‍ സ്വദേശിനിയായ യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.  മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം.

ഒളിവിലായിരുന്ന പ്രതിയെ പോലീസ് തൃശൂര്‍ അയ്യന്‍കുന്നിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. അതിനിടെ കൊച്ചിയിലെ മറ്റൊരു യുവതിയും മാര്‍ട്ടിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ധനേഷ്, ജോണ്‍ജോയ്, ശ്രീരാഗ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.