Skip to main content

കെ സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി തിരഞ്ഞെടുത്തു. ഹൈക്കമാന്‍ഡ് പ്രതിനിധി താരീഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.

കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എമാരുടെയും എം.പിമാരുടെയും അഭിപ്രായം താരീഖ് അന്‍വര്‍ തേടിയിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളീ എന്നീ നേതാക്കള്‍ ആരുടെയും പേര് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നില്ല.

സംഘടനാ സംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്മെന്റും ആയിരിക്കും അധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികള്‍. സുധാകരന്റെ കണ്ണൂര്‍ ശൈലി കോണ്‍ഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. മുഖ്യ എതിരാളിയും കേഡര്‍ പാര്‍ട്ടിയുമായ സി.പി.എമ്മിനോട് ഏറ്റുമുട്ടുമ്പോള്‍ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍.