Skip to main content

കേരളത്തിലായിരിക്കും ഇന്ത്യയില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഭരണഘടനയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ അന്തരീക്ഷമുള്ളത്. അതില്‍ തന്നെ മുന്‍പന്തിയില്‍ ഉള്ളത് ഇടതുപക്ഷവും പ്രത്യേകിച്ച് സി.പി.എമ്മാണ്. ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിക്കുന്നതിലുപരി ഭരണഘടന ലംഘനം കൂടിയാണ് മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരില്‍ സ്മാരകം പണിയാനുള്ള സര്‍ക്കാരിന്റെ തീരുമാനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് ഈ പ്രഖ്യാപനം വന്നത്. 

രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതി കുറ്റവാളിയാണെന്ന് തീര്‍പ്പുകല്‍പ്പിച്ച് ജയിലില്‍ അടച്ച രാഷ്ട്രീയ നേതാവാണ് ആര്‍ ബാലകൃഷ്ണപിള്ള. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരമോന്നത കോടതി ശിക്ഷ വിധിച്ച് ഒരു രാഷ്ട്രീയ നേതാവ് ജയിലിലടക്കപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോടതി വിധിച്ച തടവു ശിക്ഷയുടെ ചെറിയൊരു ഭാഗം മാത്രം ജയിലില്‍ കിടന്നതിന് ശേഷം അദ്ദേഹം പുറത്തിറങ്ങുകയുണ്ടായി. അദ്ദേഹത്തിനെ ജയിലിലടക്കുന്നതിന് ആധാരമായ കേസ് നല്‍കിയത് സി.പി.എമ്മിന്റെ സമുന്നതനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദനാണ് എന്നത് വിസ്മരിച്ചുകൂട. അതേ പാര്‍ട്ടിയുടെ നേതൃത്വമാണ് പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ ബാലകൃഷ്ണപിള്ളയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കൂടെ കൂട്ടുകയും അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്കുള്ള പദവി നല്‍കി ആദരിക്കുകയും ചെയ്തത്. 

രാജ്യം കുറ്റവാളിയെന്ന് തീര്‍പ്പു കല്‍പ്പിച്ച വ്യക്തിയുടെ പേരില്‍ സംസ്ഥാന ഖജനാവിലെ ധനം ഉപയോഗിച്ച് ഒരു സ്മാരകം പണിയുമ്പോള്‍ അവിടെ ഏത് മൂല്യത്തെയാണ് വരും തലമുറയിലേക്ക് പകരാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ ഈ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ബാധ്യതയുണ്ട്. ക്രിയാത്മകമായി വിനിയോഗിക്കും എന്ന ഉറപ്പിലാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ജനങ്ങള്‍ നികുതിപ്പണം നിക്ഷേപിക്കുന്നത്. ആ നികുതിപ്പണത്തെ ഉപയോഗിച്ചാണ് കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിരുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ സ്മാരകം പണിയുന്നത്. ഇത് നഗ്നമായ ഭരണഘടനാ ലംഘനവും അതോടൊപ്പം വിശ്വാസ വഞ്ചനയുമാണ്.

ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടത്തിയെന്ന കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്ക്കെതിരെ വി.എസ്.അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപേര്‍ക്കും ഒരേശിക്ഷ തന്നെയാണ് കോടതി വിധിച്ചത്. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആര്‍. ബാലകൃഷ്ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടത്തിയെന്നായിരുന്നു കേസ്. ഇടമലയാര്‍ ടണല്‍ നിര്‍മാണത്തിനായി നല്‍കിയ ടെണ്ടറില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും മൂന്നുകോടിയില്‍ കൂടുതല്‍ തുക സര്‍ക്കാരിന് നഷ്ടമുണ്ടായെന്നായിരുന്നു വിജിലന്‍സ് കേസിലെ ആരോപണം.