Skip to main content

അടിമുടി മാറ്റത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടേക്കുമെന്ന സൂചനകള്‍ക്കിടെയാണ് കെ സുധാകരനെതിരെ പടയൊരുക്കം. കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായേക്കുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. സുധാകരന്റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകളുടെ നീക്കം. പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി അശോക് ചവാന്‍ അധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിലെത്താനിരിക്കേയാണ് സുധാകരനെതിരായ നീക്കം. വി.ഡി സതീശന് പിന്നാലെ കെ സുധാകരന്‍ കൂടിയെത്തിയാല്‍ സമവാക്യങ്ങള്‍ പൊളിയുമെന്ന ആശങ്കയിലാണ് ഗ്രൂപ്പ് നേതാക്കള്‍. 

സ്വന്തം ജില്ലയായ കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സുധാകരന് സംസ്ഥാനത്ത് പാര്‍ട്ടിയെ എങ്ങനെ ചലിപ്പിക്കാനാകുമെന്നാണ്  ചോദ്യം. സുധാകരന്റെ തീവ്രനിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും ഒരു വിഭാഗം എ.ഐ.സി.സിക്ക് മുന്നറിയിപ്പ് നല്‍കി. 

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയ പരമാര്‍ശങ്ങള്‍ ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റി. തൊഴിലിനെയടക്കം പരിഹസിച്ച സുധാകരന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തിയാല്‍ ആ വിഭാഗം ഒപ്പം നില്‍ക്കില്ല. കൂടാതെ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗം ബി.ജെ.പിയിലേക്ക് പോയെക്കുമെന്ന സുധാകരന്റെ പ്രസ്താവനയും എതിരാളികള്‍ ആയുധമാക്കുന്നുണ്ട്.

സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്‍പോട്ട് കൊണ്ടുപോകാനാവില്ലെന്ന് പാര്‍ട്ടിയില്‍ മറുവിഭാഗം അഭിപ്രായപ്പെടുന്നത്. ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങി ചില ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരനുണ്ടെന്നാണ് വിവരം. വര്‍ക്കിംഗ് പ്രസിഡന്റുമാരെന്ന നിലക്ക് കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവര് അവകാശവാദം ഉന്നയിച്ചേക്കാം. ബെന്നി ബഹ്നാനും അധ്യക്ഷ പദവി നോട്ടമിടുന്നുണ്ടെന്നാണ് സൂചന.