തിരഞ്ഞെടുപ്പും വോട്ടെണ്ണലും അവസാനിച്ചതിന് പിന്നാലെ എണ്ണവില വീണ്ടും ഉയര്‍ന്നുതുടങ്ങി. തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.25രൂപയും കൊച്ചിയില്‍ 91.37രൂപയുമാണ്. തിരുവനന്തപുരത്ത് ഡീസലിന് 87.90രൂപയും കൊച്ചിയില്‍ 86.14രൂപയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല.
പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് എണ്ണവിലയില്‍ വീണ്ടും കൂട്ടുന്നത്. കൊവിഡിന്റെ അതിതീവ്ര വ്യാപനത്തില്‍ രാജ്യത്ത് പലകോണിലുമായി മനുഷ്യര്‍ ശ്വാസംമുട്ടി മരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇരുട്ടടിയായി എണ്ണവില ഉയര്‍ത്തുന്നത്.