Skip to main content

ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കുന്നത്. ഇതോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവായി. സ്‌പോട്ട് രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് സമയവും സ്ഥലവും ബുക്ക് ചെയ്‌തെത്തുന്നവര്‍ക്ക് ആശുപത്രി അധികൃതര്‍ ടോക്കണ്‍ നല്‍കും. 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ അടുത്ത ബുധനാഴ്ച തുടങ്ങി മെയ് ഒന്നു മുതല്‍ കുത്തിവയ്പ്പ് തുടങ്ങും.

കഴിഞ്ഞ ദിവസം അഞ്ചര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍  കേരളത്തിലെത്തിച്ചിരുന്നു. ഇതോടെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. തിരുവനന്തപുരം മേഖലക്ക് രണ്ടരലക്ഷവും എറണാകുളം കോഴിക്കോട് മേഖലകള്‍ക്ക് ഒന്നരലക്ഷം വീതവുമാണെത്തിയത്. ഇത് 30,000 വച്ച് ഒരു ദിവസം ആശുപത്രികളിലേക്ക് വീതിച്ച് നല്‍കും. ഒരു ദിവസം വാക്‌സീന്‍ നല്‍കേണ്ടവരുടെ എണ്ണവും നിജപ്പെടുത്തും. 

വാക്‌സിന്‍ വിതരണത്തിനു മാര്‍ഗ നിര്‍ദേശവും വന്നതോടെ തിക്കും തിരക്കും ബഹളും ഒഴിവായി. ഇന്ന് മിക്ക ജില്ലകളിലും മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 50-ലേറെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.